ബി.ജെ.പി പ്രവർത്തിക്കുന്നത് സീരിയൽ കില്ലറെ പോലെ -മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: ഒരു സീരിയൽ കില്ലറെ പോലെ സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹി നിയമസഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പൂർണമായും കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാന സർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി കൊലപ്പെടുത്തുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഡൽഹി മോഡൽ ഭരണം ഇന്ന് ലോകമെമ്പാടും പ്രശംസ ഏറ്റുവാങ്ങുന്നത് കേന്ദ്രത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്തെ വികസിത രാജ്യമാക്കാൻ കേന്ദ്രത്തിന് താൽപ്പര്യമില്ല. മറ്റ് സംസ്ഥനങ്ങളെ ഒന്നാം നമ്പറാകാനും അവർ അനുവദിക്കുന്നില്ല'- സിസോദിയ ആരോപിച്ചു.
സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു സർക്കാരിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ എ.എ.പിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ അതിന് ശ്രമിക്കുമ്പോൾ അത് തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആഗസ്റ്റ് 19ന് അന്താരാഷ്‌ട്ര പത്രമായ ന്യൂയോർക് ടൈംസിന്‍റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച "ഡൽഹി വിദ്യാഭ്യാസ വിപ്ലവം" എന്ന ലേഖനം എല്ലാ ഇന്ത്യക്കാരനെയും പോലെ തന്നെയും അഭിമാനം കൊള്ളിച്ചിരുന്നു. ഇതിന് പിന്നാലെ സി.ബി.ഐ തന്‍റെ വാതിൽപടിക്കൽ നിൽക്കുകയാണെന്ന് മനസ്സിലാക്കിയെന്നും സിസോദിയ പറഞ്ഞു.
വീടിന്റെ എല്ലാ മുക്കും മൂലയും തിരഞ്ഞെങ്കിലും അവർക്ക് ഒന്നും കണ്ടെത്താനായില്ല. ഡൽഹിയിൽ കുഴപ്പമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സി.ബി.ഐ പ്രവർത്തിക്കുന്നതെന്ന് അതോടെ വ്യക്തമായി. 14 മണിക്കൂർ വീട്ടിൽ പരിശോധന നടത്തി. സെക്രട്ടേറിയറ്റിലും റെയ്ഡ് നടത്തി. എന്നാൽ ഒന്നും ലഭിച്ചില്ല. രാജ്യത്തുടനീളം ബി.ജെ.പിക്ക് സർക്കാരുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവർക്ക് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരുകളെ തകർക്കാനായി പാഴാക്കുന്ന ഊർജവും സമയവും രാജ്യത്തിന്റെ വികസനത്തിനും സ്‌കൂളുകളും ആശുപത്രികളും നിർമിക്കാനും അവർക്ക് ഉപയോഗിക്കാമായിരുന്നെന്നും സിസോദിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.