ലഖിംപുർ ഖേരി സംഭവത്തിൽ പ്രതികരിച്ച വരുൺ ഗാന്ധിക്കും മനേകക്കും ബി.ജെ.പി 'പണി കൊടുത്തു'
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി സംഭവത്തിൽ പ്രതികരിച്ച ബി.ജെ.പി നേതാക്കളായ വരുൺ ഗാന്ധിയേയും മനേകാ ഗാന്ധിയേയും ബി.ജെ.പി നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ബി.ജെ.പി നേതാക്കൾ പ്രതികളായ ലഖിംപുർ ഖേരി സംഭവത്തെ ബി.ജെ.പി എം.പിയായ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
എന്നാൽ ഒഴിവാക്കലിന് ലഖിംപുർ ഖേരി സംഭവവുമായി ബന്ധമില്ലെന്നും ഇതെല്ലാം സ്വാഭാവികമായി സംഭവിച്ചതാണ് എന്നുമാണ് ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രതിചേർത്ത കേസിൽ വരുൺ ഗാന്ധി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സംഭവത്തിൽ ബി.ജെ.പിയിൽ നിന്ന് വരുൺ ഗാന്ധി മാത്രമാണ് പരസ്യമായി വിമർശനം ഉന്നയിച്ചത്. മാത്രമല്ല, കറുത്ത എസ്.യു.വി കർഷകരുടെ മേൽ ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങളും വരുൺ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
'കൊലപാതകം' എന്നാണ് വരുൺ ഗാന്ധി സംഭവത്തെ വിശേഷിപ്പിച്ചത്. വിഡിയോ മനസ്സുലക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഇരയായ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം വരുൺ കത്തെഴുതിയിരുന്നു. ദേശീയ നേതൃത്വത്തിന് ഇതുമൂലം കടുത്ത അതൃപ്തിയുണ്ടായെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.