തെരഞ്ഞെടുപ്പ് നേരിടാൻ വീണ്ടും വിഭജന രാഷ്ട്രീയവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വിഭജന രാഷ്ട്രീയം പരീക്ഷിക്കാനൊരുങ്ങി ബി.ജെ.പി. മുസ്ലിം ജനസംഖ്യയെ വേറിട്ട് എടുത്തുകാട്ടിയും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചും അതിർത്തി സംസ്ഥാനങ്ങളിൽ വോട്ടുപിടിക്കാനുള്ള നീക്കത്തിന് കഴിഞ്ഞ ദിവസം പരോക്ഷമായി ആർ.എസ്.എസും പച്ചക്കൊടി കാണിച്ചു. ബംഗ്ലാദേശ് കുടിയേറ്റക്കാർ പശ്ചിമ ബംഗാളിന്റെ അഭിവൃദ്ധിക്ക് വെല്ലുവിളിയാവുകയാണെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ ആരോപണത്തിനുപിന്നാലെ തിങ്കളാഴ്ച ഝാർഖണ്ഡ് ബി.ജെ.പിയും രംഗത്തെത്തി.
ഝാർഖണ്ഡിൽ വർധിച്ചുവരുന്ന മുസ്ലിം ജനസംഖ്യ ആശങ്കാജനകമാണെന്ന് ഗോഡയിൽനിന്നുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പറഞ്ഞു. സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യയുടെ 11 ശതമാനം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. ഇത് ഒരു ദേശീയ പ്രശ്നമാണ്. രാജ്യത്തുടനീളം മുസ്ലിംകളുടെ എണ്ണം നാല് ശതമാനം വർധിച്ചു. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് രാജ്യത്ത് പൗരത്വം ലഭിച്ചതിന്റെ ഫലമാണ് ഝാർഖണ്ഡിലെയും സന്താൾ പർഗാനയിലെയും മുസ്ലിം ജനസംഖ്യയിലുണ്ടായ വർധന. 1951ൽ മുസ്ലിം ജനസംഖ്യ ഒമ്പത് ശതമാനമായിരുന്നു, ഇന്ന് അത് 24 ശതമാനമാണെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
2024 ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽനിന്ന് കരകയറാൻ ഉത്തർപ്രദേശിലും സമാന തന്ത്രമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നതെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവെച്ച മുദ്രാവാക്യം. ‘ബടേംഗേ തോ കാടേംഗേ (ഒന്നിച്ചുനിന്നാൽ നമ്മൾ ശക്തരാണ്, വേർതിരിഞ്ഞാൽ വീണുപോകും) എന്ന മുദ്രാവാക്യത്തിൽ യോഗി ലക്ഷ്യമിടുന്നതും വ്യക്തമാണ്.
അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും വർഗീയ വികാരം ആളിക്കത്തിക്കുന്നുണ്ട്. മുസ്ലിംകൾ ‘ലവ്, ലാൻഡ്, മസാർ ജിഹാദുകൾ’ നടത്തിയെന്നാരോപിച്ച ധാമി സംസ്ഥാനത്തിന്റെ ജനസംഖ്യാശാസ്ത്രം മാറിയെന്നും കുറ്റപ്പെടുത്തി. മുസ്ലിംകൾക്ക് വ്യാപാരവിലക്കടക്കം ഏർപ്പെടുത്തുന്ന രീതിയിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.