ഇൻഡ്യയെ അടിക്കാൻ ‘ചെങ്കോൽ’ എടുത്ത് ബി.ജെ.പി; തിരിച്ചടിച്ച് ഡി.എം.കെ
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽനിന്ന്, കഴിഞ്ഞ മോദി സർക്കാറിന്റെ കാലത്ത് സ്ഥാപിച്ച രാജാധിപത്യത്തിന്റെ സൂചകമായ ചെങ്കോൽ എടുത്തുമാറ്റണമെന്ന സമാജ്‍വാദി പാർട്ടി എം.പി ആർ.കെ. ചൗധരിയുടെ പ്രസ്താവനയെ തമിഴ്വികാരം ഉയർത്തി കത്തിക്കാനുള്ള ബി.ജെി.പിയുടെ നീക്കം പാളി. ചെങ്കോൽ തമിഴ് സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇതിനെതിരായ പരാമർശം തമിഴ്വിരുദ്ധതയാണെന്നും ആരോപിച്ച് ഇൻഡ്യ മുന്നണി കക്ഷികളായ സമാജ്‍വാദിക്കും ഡി.എം.കെക്കും ഇടയിൽ കലഹം സൃഷ്ടിക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. എന്നാൽ, യോഗി ആദിത്യ നാഥ് അടക്കമുള്ളവരുടെ ഈ വ്യാമോഹത്തെ ചുട്ട മറുപടിയിലൂടെ ഡി.എം.കെ മുളയിലേ കരിച്ചുകളഞ്ഞു.
ഇന്ത്യൻ ചരിത്രത്തോടും സംസ്‌കാരത്തോടും സമാജ്‌വാദി പാർട്ടിക്ക് ബഹുമാനമില്ലെന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശനം. "ചെങ്കോലിനെക്കുറിച്ചുള്ള അവരുടെ ഉന്നത നേതാക്കളുടെ പരാമർശം അപലപനീയമാണ്. അവരുടെ വിവരമില്ലായ്മയും തമിഴ് സംസ്കാരത്തോടുള്ള ഇൻഡ്യമുന്നണിയുടെ വെറുപ്പുമാണ് അത് സൂചിപ്പിക്കുന്നത്’ -എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം.
"സമാജ്‌വാദി പാർട്ടി പാർലമെൻറിൽ ചെങ്കോലിനെ എതിർക്കുന്നു. അതിനെ രാജാവിന്റെ ദണ്ഡായി വിശേഷിപ്പിക്കുന്നു. അങ്ങനെയെങ്കിൽ, ജവഹർലാൽ നെഹ്‌റു എന്തിനാണത് സ്വീകരിച്ചത്? ഇത് അവരുടെ (സമാജ്‌വാദി പാർട്ടിയുടെ) മാനസികാവസ്ഥയാണ് കാണിക്കുന്നത്. നേരത്തെ അവർ രാമചരിതമനസത്തെ എതിർത്തു. ഇപ്പോൾ ചെങ്കോലിനെയും ആക്രമിക്കുന്നു. ഈ അപമാനിക്കലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഡി.എം.കെ വ്യക്തമാക്കണം" -ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനെവാലെ ചോദിച്ചു.
Samajwadi Party has no respect for Indian history or culture. The remarks of their top leaders on the Sengol are condemnable and indicate their ignorance. It also shows INDI Alliance's hatred to Tamil culture in particular.
— Yogi Adityanath (@myogiadityanath) June 27, 2024
The Sengol is India's pride and it is a matter of…
എന്നാൽ, സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞ കാര്യം ന്യായമാണെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്റെ പ്രതികരണം. ‘അദ്ദേഹം (സമാജ്‍വാദി പാർട്ടി എം.പി ആർ.കെ. ചൗധരി) പറഞ്ഞതുപോലെ ചെങ്കോൽ രാജവാഴ്ചയുടെ അടയാളമാണ്. രാജാക്കന്മാരുടെ പക്കലായിരുന്നു ചെങ്കോൽ. ജനാധിപത്യ രാജ്യത്ത് അതിന് ഒരു റോളുമില്ല. ബ്രിട്ടീഷ് ഭരണാധികാരികൾ ജവഹർലാൽ നെഹ്രുവിന് നൽകിയ സമ്മാനം കൂടിയായിരുന്നു ചെങ്കോൽ. ഒരു സമ്മാനം എന്ന നിലയിൽ അതിന്റെ സ്ഥാനം മ്യൂസിയമാണ്... ഇത് സംബന്ധിച്ച് ഞങ്ങൾക്ക് വേറൊരു നിലപാടും ഇല്ല’ -ഇളങ്കോവൻ വ്യക്തമാക്കി.
ബുദ്ധിശൂന്യമായ രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്നായിരുന്നു ഡി.എം.കെ എം.പി ദയാനിധി മാരന്റെ പ്രതികരണം. ഏതെങ്കിലും ജ്യോതിഷിയുടെ വാക്കുകേട്ടാണ് ബി.ജെ.പിക്കാർ കാര്യങ്ങൾ ചെയ്യുന്നതെന്നും അവർ ആഗ്രഹിക്കുന്നത് അവർ ചെയ്തുകൊള്ളട്ടെയെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Chennai: On Samajwadi Party MP RK Chaudhary's comment on Sengol, DMK leader T K S Elangovan says, "As he said, the Sceptre is the identity of Monarchy. The kings used to have it. In a democratic country, it has no role to play. It was also a gift from the British rulers… pic.twitter.com/egiAYseP3o
— ANI (@ANI) June 27, 2024
ചെങ്കോൽ സ്ഥാപിച്ചപ്പോൾ അതിനെ വണങ്ങിയ മോദി ഇത്തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അതിന് കുമ്പിടാൻ മറന്നുവെന്നും ഇക്കാര്യം ചൗധരി പ്രധാനമന്ത്രിയെ ഓർമ്മിപ്പിക്കാൻ ശ്രമിച്ചതായിരിക്കുമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.
രണ്ടാം മോദി സർക്കാറിന്റെ അവസാന കാലത്താണ് അഞ്ചടി നീളമുള്ള, സ്വർണം പൂശിയ ‘ചെങ്കോൽ’ പാർലമെൻറിൽ സ്ഥാപിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെങ്കോൽ സ്ഥാപിച്ചതെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വാദം. തമിഴ്നാട്ടിൽനിന്നാണ് ചെങ്കോൽ സ്ഥാപിക്കാനായി കൊണ്ടുവന്നത്.
#WATCH | On Samajwadi Party MP RK Chaudhary's comment on Sengol, DMK MP Dayanidhi Maran says, "It is silly politics played by BJP...Let them do what they want. Probably, some astrologer must have told them. They are following astrology." pic.twitter.com/SUGcfIgytH
— ANI (@ANI) June 27, 2024
എന്നാൽ, രാജാധികാരത്തിന്റെ അടയാളമായ ചെങ്കോൽ അവിടുന്ന് മാറ്റി പകരം ഭരണഘടനയുടെ ഭീമൻ പ്രതി ആ സ്ഥാനത്ത് വെക്കണമെന്ന് സ്പീക്കർക്കും പ്രോടേം സ്പീക്കർക്കും നൽകിയ കത്തിൽ ഉത്തർ പ്രദേശിലെ മുൻ മന്ത്രി കൂടിയായ സമാജ്‍വാദി പാർട്ടി എം.പി ആർ.കെ. ചൗധരി ആവശ്യപ്പെട്ടു. ‘ഭരണഘടനയോട് യഥാർഥമായ കൂറും വിശ്വാസവും പുലർത്തുമെന്നാണ് ഞാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, സ്പീക്കറുടെ ചെയറിന്റെ വലതു വശത്ത് ചെങ്കോൽ കണ്ട് എനിക്ക് അതിശയം തോന്നി. സർ, നമ്മുടെ ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിശുദ്ധമായ രേഖയാണ്. ചെങ്കോലാകട്ടെ, രാജാധിപത്യത്തിന്റെ സൂചകവും. നമ്മുടെ പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. അല്ലാതെ, ഏതെങ്കിലും രാജാവിന്റെയോ ചക്രവർത്തി കുടുംബത്തിന്റെയോ കൊട്ടാരമല്ല. പാർലമെന്റ് മന്ദിരത്തിൽനിന്ന് ചെങ്കോൽ മാറ്റി പകരം ഭരണഘടനയുടെ ഭീമൻ പ്രതി ആസ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു’ -ഇതായിരുന്നു ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ച് മണ്ഡലത്തിൽനിന്നുള്ള എം.പിയായ ചൗധരിയുടെ കത്തിലെ ഉള്ളടക്കം.
മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മണിക്കം ടാഗോറും ചൗധരിയുടെ വാദത്തെ പിന്തുണച്ചു. ‘ ചെങ്കോൽ എന്നത് രാജഭരണത്തിന്റെ പ്രതീകമാണെന്നത് വ്യക്തമാണ്. രാജഭരണമെല്ലാം എന്നേ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യവും ഭരണഘടനയുമാണ് നമ്മൾ ആഘോഷിക്കേണ്ടത്’ -ടാഗോർ ചൂണ്ടിക്കാട്ടി. ആർ.ജെ.ഡി എം.പിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതിയും ഈ അഭിപ്രായം പങ്കുവെക്കുന്നു. ‘ആര് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു’ -അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.