ബംഗാളിനെ മുറിച്ച് കേന്ദ്രഭരണ പ്രദേശമുണ്ടാക്കാൻ ബി.ജെ.പി മുറവിളി; ആലിപൂർദ്വാർ ജില്ലാ നേതാക്കൾ പാർട്ടി വിട്ട് തൃണമൂലിൽ
text_fieldsകൊൽക്കത്ത: ബംഗാളിന്‍റെ വടക്കൻ മേഖലയെ വിഭജിച്ച് പുതിയ കേന്ദ്ര ഭരണ പ്രദേശമുണ്ടാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി രംഗത്തെത്തിയതിനു പിന്നാലെ പാർട്ടിയിൽ പാളയത്തിൽപട. വടക്കൻ ജില്ലയായ ആലിപൂർദ്വാറിലെ ജില്ലാ പാർട്ടി മേധാവിയും മറ്റു ആറു നേതാക്കളും രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
ബി.ജെ.പി എം.പി ജോൺ ബാർലയാണ് പ്രത്യേക കേന്ദ്രഭരണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് ഗംഗ പ്രസാദ് ശർമ ഉൾപെടെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ കൊൽക്കത്തയിലെത്തി രാജിവെക്കുകയായിരുന്നു. ജില്ലയിൽ പാർട്ടി അണികളിലും കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. വീണ്ടും ബംഗാളിനെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം ജോൺ ബാർലയുടെ വീട്ടിൽ ചേർന്ന രഹസ്യ യോഗത്തിലാണ് വടക്കൻ ബംഗാളിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന ആവശ്യം ഉയർന്നത്. യോഗത്തിലുണ്ടായിരുന്ന ജയന്ത റോയ് എന്ന മറ്റൊരു ബി.ജെ.പി എം.പിയും ആവശ്യത്തെ പിന്താങ്ങി.
ഇത് പുറത്തെത്തിയതോടെ പാർട്ടിക്കകത്ത് രൂപപ്പെട്ട പ്രതിസന്ധിയാണ് കൂട്ട രാജിയിൽ കലാശിച്ചത്. ജോൺ ബാർല വടക്കൻ ബംഗാളിൽ രാഷ്ട്രീയ അതിക്രമം അഴിച്ചുവിടുകയാണെന്ന് ഗംഗ പ്രസാദ് ശർമ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഗംഗ പ്രസാദ് ശർമ നേതൃത്വം നൽകിയ പ്രചാരണത്തിനൊടുവിൽ ആലിപൂർദ്വാർ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ബി.ജെ.പി പിടിച്ചിരുന്നു. ആലിപൂർദ്വാർ ലോക്സഭ മണ്ഡലത്തിൽ രണ്ടര ലക്ഷം വോട്ടിനാണ് ബി.ജെ.പി ജയിച്ചത്.
എന്നാൽ, ഗംഗ പ്രസാദ് ശർമക്കു പുറമെ ജില്ല ജനറൽ സെക്രട്ടറി വീരേന്ദ്ര ബാര ഒറാവോൺ, വൈസ് പ്രസിഡന്‍റ് ബിപ്ലബ് സർക്കാർ, സെക്രട്ടറി ബിനോദ് മിൻജ് തുടങ്ങിയവരും തൃണമൂലിൽ ചേർന്നവരിൽ പെടും.
നേരത്തെയും ബി.ജെ.പിയിൽനിന്ന് നേതാക്കൾ തൃണമൂൽ പാളയത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.