പുതുച്ചേരിയിൽ സർക്കാർ രൂപീകരണത്തിന് മുതിരാതെ ബി.ജെ.പി; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും
text_fieldsപുതുച്ചേരി: വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മുന്നണി സർക്കാറിനെ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽ നിന്ന് ഇറക്കിയിട്ടും പുതുച്ചേരിയിൽ സർക്കാർ രൂപീകരണത്തിന് ശ്രമിക്കാതെ ബി.ജെ.പിയും സഖ്യകക്ഷികളും. ബി.ജെ.പി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ലെഫ്റ്റനന്‍റ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശിപാർശ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രപതി ഭരണത്തിനുള്ള ലെഫ്റ്റനന്‍റ് ഗവർണറുടെ കത്തിൽ കേന്ദ്ര മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി തീരുമാനം. കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് ഭരണത്തിലേറുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
തിങ്കളാഴ്ചയാണ് നാരായണസ്വാമി സർക്കാറിന് സഭയിൽ ഭൂരിപക്ഷം നഷ്ടമായത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. ഇവരിൽ രണ്ട് പേർ ബി.ജെ.പിയിൽ ചേർന്നുകഴിഞ്ഞു. മറ്റുള്ളവരും ബി.ജെ.പിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഷ്ട്രപതിഭരണം ആറു മാസക്കാലംവരെ നീട്ടിക്കൊണ്ടുപോയി തെരഞ്ഞെടുപ്പ് നടത്താനാണ് ബി.ജെ.പി ഉന്നത കേന്ദ്രങ്ങളുടെ നീക്കം. രാഷ്ട്രപതിഭരണകാലയളവിൽ കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ വിശ്വാസമാർജിക്കുകയാണ് ലക്ഷ്യം. ഉടനടി നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയാൽ കോൺഗ്രസ്-ഡി.എം.കെ മുന്നണി സഹതാപതരംഗത്തിലൂടെ നേട്ടമുണ്ടാക്കിയേക്കുമെന്നും ബി.ജെ.പി കേന്ദ്രങ്ങൾക്ക് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.