ബി.ജെ.പിയെ വെട്ടിലാക്കി എ.ഐ.എ.ഡി.എം.കെ; ഏക സിവിൽകോഡ് നടപ്പാക്കരുതെന്ന് എടപ്പാടി കെ. പളനിസ്വാമി
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ രാഷ്ട്രീയ ലാഭം കൊയ്യാമെന്ന പ്രതീക്ഷയിൽ ബി.ജെ.പി മുന്നോട്ടുവെച്ച ഏക സിവിൽ കോഡിനെതിരെ പ്രതിഷേധവുമായി കൂടുതൽ പാർട്ടികൾ രംഗത്ത്. പ്രതിപക്ഷ പാർട്ടികൾ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ സ്വന്തം സഖ്യക്ഷിയായ എ.ഐ.എ.ഡി.എം.കെ തന്നെ എതിർപ്പുമായി രംഗത്തെത്തിയത് ബി.ജെ.പിയെ വെട്ടിലാക്കി.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ സാരമായി ബാധിക്കുന്ന ഏകസിവിൽ കോഡ് നടപ്പാക്കാൻ അനുവദിക്കില്ലെന്നും ഭരണഘടനയിൽ അതുമായി ബന്ധപ്പെട്ട ഒരു ഭേതഗതിയും കൊണ്ടുവരരുതെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. ഏക സിവിൽ കോഡിൽ പാർട്ടി നിലപാട് 2019 ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽകോഡിനെപ്പറ്റി നിലവിലെ നിയമ കമ്മിഷൻ മതസംഘടനകളിൽനിന്നും പൊതുജനങ്ങളിൽനിന്നും അഭിപ്രായംതേടിയ സാഹചര്യത്തിലാണ് എ.ഐ.എ.ഡി.എം.കെ. എതിർപ്പ് വീണ്ടും പ്രകടിപ്പിച്ചത്.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറിച്ച് വിവാദ പരാമാർശം നടത്തിയത് പാർട്ടികൾക്കിടയിൽ അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഏകസിവിൽ കോഡിനെതിരെ പരസ്യമായി എ.ഐ.എ.ഡി.എം.കെ രംഗത്തെത്തുന്നത്.
അണ്ണാമലൈയുടെ പരാമർശത്തിനെതിരെ ശക്തമായ മറുപടി എ.ഐ.എ.ഡി.എം.കെ നൽകിയിരുന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയോടും അമിത്ഷായോടും അണ്ണാമലൈയെ നിയന്ത്രിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ഡി. ജയകുമാർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.