തേജസ്വി യാദവിന്റെ ഇഫ്താറിൽ പങ്കെടുത്ത് നിതീഷ് കുമാർ; ബി.ജെ.പിക്ക് മുന്നറിയിപ്പെന്ന്
text_fieldsപട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
ആർ.ജെ.ഡി നേതാവിന്റെ പട്‌ന വസതിയിൽ ഇഫ്താർ പാർട്ടിക്കായി ബി.ജെ.പി നേതാക്കളായ അവധേഷ് നാരായൺ സിംഗ്, സയ്യിദ് ഷാനവാസ് ഹുസൈൻ, ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, തേജസ്വി യാദവിന്റെ സഹോദരങ്ങളായ തേജ് പ്രതാപ് യാദവ്, മിസ ഭാരതി, അമ്മ റാബ്രി ദേവി എന്നിവരും എത്തി.
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് തേജസ്വി യാദവിന്റെ വീട്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ നിതീഷ് കുമാർ പങ്കെടുക്കുന്നത്. 2017-ൽ ജനതാദൾ (യുനൈറ്റഡ്) തലവൻ ബിഹാറിലെ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായുള്ള പങ്കാളിത്തം ആരംഭിച്ചതാണ് അവസാനത്തേത്. നിതീഷ് കുമാറും ലാലു യാദവിന്റെ കുടുംബവും തമ്മിലുള്ള ബന്ധം അതോടെ അടിതെറ്റിയിരുന്നു. കാലിത്തീറ്റ കുംഭകോണ കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഇഫ്താർ.
ഇഫ്താറിൽ പങ്കെടുത്തതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് ഷാനവാസ് ഹുസൈൻ പറഞ്ഞു.നിതീഷ് കുമാറിനെ ഡൽഹിയിലേക്ക് അയച്ചിട്ട് ബീഹാറിൽ ബി.ജെ.പി മുഖ്യമന്ത്രിയെ അവരോധിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങൾ ഇരുകൂട്ടർക്കുമിടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത് നിതീഷ് കുമാർ ഇഫ്താറിൽ പങ്കെടുത്തതിനെ നിർണായകമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
നിതീഷ് കുമാർ സ്ഥാനമൊഴിയണമെന്നും ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകണമെന്നും ചില ബി.ജെ.പി എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള സംസാരങ്ങളും അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.