ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുന്നവർ - ദിഗ് വിജയ് സിങ്
text_fieldsന്യൂഡൽഹി: ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്
. ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസിയുടെ ഫണ്ടിങ്ങിന്റെ ഉരവിടം അന്വേഷിക്കേണ്ടതുണ്ട്. ബി.ജെ.പി ഹിന്ദുക്കളെ പ്രേരിപ്പിക്കുമ്പോൾ ഉവൈസിയുടെ എ.ഐ.എം.ഐ.എം മുസ്ലിം വിഭാഗത്തെ പ്രകോപിപ്പിക്കുകയാണെന്നും ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം.
മധ്യപ്രദേശിൽ അഗർ മാൽവയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഇവിടെ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയാണ്. ഉവൈസി ഹൈദരാബാദിലെ മുസ്ലിങ്ങളെ പ്രകോപിപ്പിക്കുന്നു. മുസ്ലിങ്ങളുടെ വോട്ട് കുറയ്ക്കാൻ ഉവൈസിയെ നിരത്തിലിറക്കാനുള്ള പണം എവിടെ നിന്നാണ് വരുന്നത്?, സിങ് ചോദിച്ചു. രാജ്യത്തെ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്നും ജനങ്ങളെ ജയിലിലടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഷിങ് മെഷിൻ പരാമർശത്തെക്കുറിച്ചും സിങ് സംസാരിച്ചു. മമത ബാനർജിയുടെ വാഷിങ് മെഷിൻ പരാമർശം ശരിയാണെന്നും കറപിടിച്ച രാഷ്ട്രീയക്കാരെ വെളുപ്പിക്കുകയാണ് ബി.ജെ.പിയെന്നും സിങ് പറഞ്ഞു.
സനാതനത്തെ കോൺഗ്രസ് എക്കാലവും ബഹുമാനിച്ചിട്ടുണ്ട്. സത്യമുള്ള സനാതനിയാണ് താനെന്നും എല്ലാ മതങ്ങളും ഒന്നാണെന്നതാണ് തന്റെ വിശ്വാസമെന്നും സിങ് പറഞ്ഞു. ഞാൻ തികഞ്ഞ ഹിന്ദുവും ഗോസേവകനുമാണ്. ഞാൻ ഗോവധത്തിന് എതിരാണ്, പക്ഷേ മതത്തിൻ്റെ പേരിൽ ഞാൻ വോട്ട് ചോദിക്കില്ല, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൻ്റെ ക്രെഡിറ്റ് കോടതിക്കാണ്, ബി.ജെ.പിക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞ സിങ് രാജ്ഗഢ് ലോക്‌സഭാ സീറ്റിലെ ജനങ്ങളുടെ ശബ്ദമാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.1993 ഡിസംബറിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 1984,1991 കാലഘട്ടത്തിൽ രാജ്ഗഢ് ലോക്സഭ സീറ്റിൽ നിന്നും സിങ് മത്സരത്തെ നേരിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.