ഹിമാചലിൽ വിമതപ്പടയുടെ പരിക്കേറ്റ് ബി.ജെ.പിയും കോൺഗ്രസും
text_fieldsന്യൂഡൽഹി: ഈ മാസം 12ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും പരിക്കേൽപിച്ച് വിമതപ്പട. നിരവധി മണ്ഡലങ്ങളിൽ റെബൽ സ്ഥാനാർഥികൾ ഉയർത്തുന്ന വെല്ലുവിളിയുടെ ആഘാതം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് രണ്ടു പാർട്ടികളിലെയും മുതിർന്ന നേതാക്കൾ.
ഹിമാചൽ പ്രദേശ് നിയമസഭയിലെ 68 സീറ്റിലേക്കാണ് വോട്ടെടുപ്പ്. ബി.ജെ.പിക്ക് തലവേദനയായി 20 മണ്ഡലങ്ങളിൽ റെബൽ സ്ഥാനാർഥികളുണ്ട്. കോൺഗ്രസിന്‍റെ കാര്യത്തിലാകട്ടെ, നേതൃത്വം ഇടപെട്ടിട്ടും ഡസനിലേറെ വിമത സ്ഥാനാർഥികൾ പിന്മാറിയില്ല. പാർട്ടി നേതൃത്വത്തിന്‍റെ നിർദേശം വകവെക്കാതെ, ഔദ്യോഗിക സ്ഥാനാർഥിയെ തോൽപിക്കാൻ പോന്ന വീറും വാശിയുമാണ് റെബൽ സ്ഥാനാർഥികൾ കാഴ്ചവെക്കുന്നത്. ആം ആദ്മി പാർട്ടി എത്ര വോട്ട് പിടിക്കുമെന്ന ആശങ്കകൾക്കൊപ്പമാണിത്. തെരഞ്ഞെടുപ്പു ഫലം തന്നെ ഇത് മാറ്റി മറിച്ചേക്കാം.
അച്ചടക്കമുള്ള കേഡർ പാർട്ടിയെന്ന അവകാശവാദങ്ങളൊക്കെ കാറ്റിൽ പറന്ന സ്ഥിതിയിലാണ് ബി.ജെ.പി. പുറത്താക്കേണ്ടി വന്നത് അഞ്ച് മുതിർന്ന നേതാക്കളെയാണ്. ഇതിൽ നാലു പേരും മുൻ എം.എൽ.എമാർ. ബി.ജെ.പി ഉപാധ്യക്ഷനുമുണ്ട് കൂട്ടത്തിൽ. കോൺഗ്രസും മുൻ മന്ത്രി, മുൻ സ്പീക്കർ എന്നിവരടക്കം ആറു നേതാക്കളെ പുറത്താക്കി.
ഹാമിർപുർ, ആന്നി, ചോപാൽ, പച്ചാഡ്, ആർകി, സുലഹ് തുടങ്ങിയ ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന് റെബൽ സ്ഥാനാർഥികളുണ്ട്. മാണ്ഡി, ബിലാസ് പുർ, കാംഗ്ര, ധരംശാല, ഛംബ, കുല്ലു, ഹാമിർപുർ, കിന്നോർ, സുന്ദർനഗർ, ഇന്ദോര തുടങ്ങിയ മണ്ഡലങ്ങളിലെ വിമതർ ബി.ജെ.പിക്ക് പരിക്കേൽപിക്കും.
ഈയിടെ ബി.ജെ.പിയിൽ നിന്ന് ചാടി കോൺഗ്രസ് സ്ഥാനാർഥിയായ ദയാൽ പ്യാരി മത്സരിക്കുന്ന പച്ചഡിൽ മുൻമന്ത്രിയും മുൻസ്പീക്കറുമായ ഗാംഗുറാം മുസാഫിർ സ്വതന്ത്രനായി മത്സരിക്കുന്നു. കോൺഗ്രസിന്‍റെ ബൽവീന്ദർ സിങ്ങിന് ചിന്ത്പൂർണി സീറ്റിൽ ഭയപ്പാടുണ്ടാക്കുന്നത് മുൻ എം.എൽ.എ കുൽദീപ് കുമാറാണ്. ഹാമിർപുരിൽ എത്തുമ്പോൾ കോൺഗ്രസിന്‍റെ ആശിഷ് ശർമയും ബി.ജെ.പിയുടെ നരേഷ് ദർജിയും വിമത സ്ഥാനാർഥികൾ.
മുൻമുഖ്യമന്ത്രി വീരഭദ്രസിങ്ങിനെ മണ്ഡലമായ ആർകിയിൽ അദ്ദേഹത്തിന്‍റെ ഉറ്റ അനുയായി രജീന്ദർ ഠാകൂറിന് ടിക്കറ്റ് കൊടുത്തില്ല. അദ്ദേഹം റെബലായി മത്സരിക്കുന്നു. വിമതരായി മത്സരിക്കുന്ന മുൻ എം.എൽ.എമാരായ തേജ്വന്ദ് സിങ് നേഗി, മനോഹർ ധിമൻ, കിശോരി ലാൽ, കെ.എൽ. ഠാകൂർ, കൃപാൽ പർമാർ എന്നിവർ റെബൽ സ്ഥാനാർഥികളായി മത്സരിക്കുന്നതിനാൽ ബി.ജെ.പി പുറത്താക്കി. വിമതർ ഏൽപിക്കുന്ന പരിക്കിന്‍റെ ആഴം ബോധ്യപ്പെടുക വോട്ടെണ്ണൽ ദിനമായ ഡിസംബർ എട്ടിനു മാത്രമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.