ബി.ജെ.പി, ജെ.ഡി.എസ് നേതാക്കൾ കോൺഗ്രസിൽ ചേരും -ലക്ഷ്മൺ തവാദി എം.എൽ.എ
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ബി.ജെ.പി, ജെ.ഡി.എസ് നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നും അതിന്റെ രൂപരേഖ തയാറായിട്ടുണ്ടെന്നും മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ ലക്ഷ്മൺ തവാദി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ നിയമിച്ചത് ലിംഗായത്ത് വിഭാഗങ്ങൾക്കിടയിൽ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നും അദ്ദേഹം ബഗൽകോട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എത്ര ബി.ജെ.പി നേതാക്കൾ കോൺഗ്രസിൽ എത്തുമെന്ന് പറയാനാവില്ലെന്നും ജനുവരി 26വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്ന് എത്ര പേർ പാർട്ടിയിൽ ചേരുന്നുണ്ടെന്ന് നിങ്ങൾക്ക് എണ്ണാം. ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 20 സീറ്റുകളിൽ വിജയിക്കാനുള്ള പദ്ധതികൾ തയാറായിട്ടുണ്ട്. എല്ലാ സമുദായങ്ങളെയും കൂടെ ചേർക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ സംസ്ഥാനത്ത് പുനരുജ്ജീവിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ലിംഗായത്ത് സമുദായക്കാരനായ വിജയേന്ദ്രയെ സംസ്ഥാന പ്രസിഡന്റാക്കിയത് അവർക്ക് ഗുണം ചെയ്യില്ല. ലിംഗായത്തുകൾ വടക്കൻ കർണാടകയിൽ നിർണായക ശക്തിയാണ്. കിട്ടൂർ കർണാടക, കല്യാണ കർണാടക എന്നിവിടങ്ങളിലും ശക്തരാണ്. എന്നാൽ പുതിയ തീരുമാനം ലിംഗായത്ത് സമുദായത്തിനിടയിൽ പ്രതിഫലനമുണ്ടാക്കില്ല.
വിജയേന്ദ്രയുടെ നിയമനത്തിൽ പാർട്ടി നേതാക്കൾക്കിടയിൽ തന്നെ എതിർപ്പുണ്ട്. തനിക്ക് നിരവധി സുഹൃത്തുക്കൾ ബി.ജെ.പിയിലുണ്ട്. അവർ നിരാശരാണ്. ആ നിരാശ ഉടൻ പൊടിത്തെറിക്കുമെന്നും ലക്ഷ്മൺ തവാദി എം.എൽ.എ പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് തവാദി ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. തുടർന്ന് അതാനി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എം.എൽ.എയാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.