തരൂരിന്റെ പ്രകടനപത്രികയിലെ ഇന്ത്യൻ ഭൂപടത്തിനെതിരെ ബി.ജെ.പി
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ശശി തരൂർ എം.പി പുറത്തിറക്കിയ പ്രകടന പത്രികയെ ചൊല്ലി വിവാദം. പ്രകടന പത്രികയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം കാണിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
രാഹുൽ ഗാന്ധി ഇന്ത്യയെ ഒന്നിപ്പിക്കാൻ ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ കോൺഗ്രസിന്റെ അധ്യക്ഷനാകാൻ പോകുന്നയാൾ ഇന്ത്യയെ ശിഥിലമാക്കാൻ ആഗ്രഹിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. 'കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രകടനപത്രികയിൽ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ചില ഭാഗങ്ങൾ ഒഴിവാക്കിയ ഇന്ത്യയുടെ തെറ്റായ ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായ ശേഷം തിരുത്തലുകൾ വരുത്തി' -ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.
"കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ തന്റെ പ്രകടനപത്രികയിൽ ഇന്ത്യയുടെ വികൃതമായ ഭൂപടമാണ് ഉൾപ്പെടുത്തിയത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ ഇന്ത്യയെ ശിഥിലമാക്കാൻ ആഗ്രഹിക്കുന്നു. ഗാന്ധി കുടുംബത്തിന്റെ പ്രീതി കിട്ടാൻ ഇത് സഹായിക്കുമെന്ന് ഒരുപക്ഷേ അദ്ദേഹം വിചാരിക്കുന്നുണ്ടാകും' അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
എന്നാൽ, ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടന്നതോടെ ബി.ജെ.പി നേതൃത്വം പരിഭ്രാന്തരായതിന്റെ തെളിവാണ് ഈ അനാവശ്യവിവാദങ്ങളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചു. "ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിലേക്ക് കടന്നതോടെ ബി.ജെ.പി നേതൃത്വം പരിഭ്രാന്തരായിരിക്കുകയാണ്. ഭാരത് ജോഡോ യാത്രയെയും രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്താൻ ബി.ജെ.പിയുടെ "ഐ ട്രോൾ സെൽ" (ഐ.ടി സെൽ) ഏത് കച്ചിത്തുരുമ്പും ആയുധമാക്കുകയാണ്. പ്രകടനപത്രികയിലെ ഗുരുതരമായ അബദ്ധത്തെകുറിച്ച് ഡോ. തരൂരും സംഘവും വിശദീകരിക്കും' -ജയറാം രമേഷ് പറഞ്ഞു.
ശശി തരൂരും മല്ലികാർജുൻ ഖാർഗെയുമാണ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്. നിലവിലുള്ള അവസ്ഥ തുടരണമെന്ന് ആഗ്രഹിക്കുന്നവർ അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയെ പിന്തുണക്കുമെന്നും മാറ്റം ആഗ്രഹിക്കുന്നവർ തന്നെ പിന്തുണക്കുമെന്നും തരൂർ പറഞ്ഞു. ഖാർഗെയെ കുറിച്ചോ ത്രിപാഠിയെ കുറിച്ചോ മോശമായൊന്നും പറയാനില്ലെന്നും കോൺഗ്രസിനെ കുറിച്ച് ഒാരോരുത്തർക്കും ഒാരോ ഐഡിയയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്രിക നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തരൂർ.
കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നാണ് അധ്യക്ഷ തന്നോട് പറഞ്ഞതെന്നും അതിന് ശേഷമാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും തരൂർ പറഞ്ഞു. അധ്യക്ഷ പറഞ്ഞതിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസിനെ കുറിച്ച് തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് തുറന്നു പറയും. മറ്റുള്ളവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ടാകും. ശേഷം വോട്ടർമാർ തീരുമാനമെടുക്കട്ടെ' -തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.