മഹാരാഷ്ട്രയിലെന്നപോലെ ബിഹാറിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു; സാധാരണക്കാരുടെ ചെലവിൽ അഞ്ചോ ആറോ മുതലാളിമാർക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ ചെയ്തതുപോലെ ബിഹാറിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ‘മോഷ്ടിക്കാൻ’ ബി.ജെ.പി ശ്രമിക്കുന്നുവെന്നും സാധാരണക്കാരുടെ ചെലവിൽ രാജ്യത്തെ അഞ്ചോ ആറോ മുതലാളിമാർക്കു വേണ്ടി സർക്കാർ എല്ലാം ചെയ്യുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ അതിന്റെ കടമ നിർവഹിക്കുന്നില്ലെന്നും ബി.ജെ.പിയുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.
കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡ്യാ ബ്ലോക്ക്, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകൾ ബി.ജെ.പി വോട്ടുകൾ മോഷ്ടിക്കുന്നത് തടയാൻ തീരുമാനിച്ചുവെന്നും പാർട്ടിയുടെ ‘സംവിധാൻ ബച്ചാവോ സമാവേഷ് (ഭരണഘടന സംരക്ഷിക്കൽ റാലി)’യെ അഭിസംബോധന ചെയ്തുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കാൻ ബിഹാറിലും മഹാരാഷ്ട്ര പോലുള്ള ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് മുമ്പ് ഒരു കോടി വോട്ടർമാരെ പട്ടികയിൽ എങ്ങനെ ചേർത്തുവെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷന് മറുപടിയൊന്നുമുണ്ടായിരുന്നില്ലെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ സാധാരണക്കാർക്കുവേണ്ടിയല്ല, അഞ്ചോ ആറോ മുതലാളിമാർക്കു വേണ്ടിയാണ് ബി.ജെ.പി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം അദാനി, അംബാനി അല്ലെങ്കിൽ ശതകോടീശ്വരന്മാർക്ക് മാത്രമുള്ളതാണെന്ന് ഭരണഘടനയിൽ എവിടെയും എഴുതിയിട്ടില്ല. എന്നാൽ ഇപ്പോഴത്തെ സർക്കാർ സാധാരണക്കാരുടെ ചെലവിൽ അഞ്ചോ ആറോ മുതലാളിമാർക്ക് വേണ്ടി എല്ലാം ചെയ്യുന്നു -രാഹുൽ പറഞ്ഞു.
വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചതുമൂലം 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന സഖ്യത്തിന് വിജയം നേടാൻ സഹായിച്ചു. മഹാരാഷ്ട്രയെപ്പോലെ, ബീഹാറിലും തെരഞ്ഞെടുപ്പ് മോഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യമെമ്പാടും ബി.ജെ.പി നമ്മുടെ ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഈ വർഷം അവസാനം ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
പുരിയിലെ ജഗന്നാഥ ഭഗവാന്റെ രഥയാത്ര അദാനിക്കും കുടുംബത്തിനും വേണ്ടി തടഞ്ഞുവെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ്, ഒഡിഷ അവർക്ക് അതിന് ഒരു മാതൃകയായി മാറിയിരിക്കുന്നുവെന്നും അവകാശപ്പെട്ടു. ഒഡിഷയുടെ വിഭവങ്ങൾ അഞ്ചോ ആറോ വലിയ കമ്പനികൾക്ക് നൽകുന്നു. സംസ്ഥാനത്തെ കർഷകരെയും സ്ത്രീകളെയും മറ്റുള്ളവരെയും കണ്ട് അവരുടെ ദുരിതങ്ങൾ കേട്ടുവെന്നും രാഹുൽ പറഞ്ഞു.
‘ഒരു വശത്ത് ദരിദ്രരായ ജനങ്ങൾ- ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ദുർബലർ, കർഷകർ, തൊഴിലാളികൾ. മറുവശത്ത്, അഞ്ചോ ആറോ ശതകോടീശ്വരന്മാരും ബി.ജെ.പി സർക്കാറും. ഒഡിഷയിലെ ജനങ്ങൾക്കൊപ്പം ഈ പോരാട്ടത്തിൽ വിജയിക്കാൻ കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് കഴിയുമെന്നും രഹുൽ പറഞ്ഞു.
‘ജൽ, ജംഗൽ, ജാമിൻ’ (ജലം, വനം, ഭൂമി) ആദിവാസികളുടേതാണെന്നും അവർക്കായി അത് നിലനിൽക്കണമെന്നും പറഞ്ഞ രാഹുൽ, ഒഡിഷയിലെ ബി.ജെ.പി സർക്കാർ 1996 ലെ പഞ്ചായത്ത് (ഷെഡ്യൂൾഡ് ഏരിയകളിലേക്കുള്ള വിപുലീകരണം) നിയമം നടപ്പാക്കിയിട്ടില്ലെന്നും ആദിവാസി ഭൂമി കോർപ്പറേറ്റുകൾക്ക് കൈമാറിയെന്നും അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.