സിന്ധ്യയുടെ തെറ്റ് സചിൻ ചെയ്യരുത്, കോൺഗ്രസിൽ മികച്ച ഭാവിയുണ്ട് - ദിഗ്വിജയ സിങ്
text_fieldsഭോപ്പാൽ: രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സചിൻ പൈലറ്റിനെക്കുറിച്ച് അഭിപ്രായ പ്രകടനവുമായി മുതിർന്ന നേതാവും എം.പിയുമായ ദിഗ്വിജയ് സിങ്. സചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയുടെ പാത പിന്തുടരരുത്, അദ്ദേഹത്തിന് കോൺഗ്രസിൽ മികച്ച ഭാവിയുണ്ട്. രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിൽ ബി.ജെ.പിയാണെന്നും ദിഗ്വിജയ് അഭിപ്രായപ്പെട്ടു.
നിങ്ങൾക്കിനിയും പ്രായം ശേഷിക്കുന്നു. ഗെഹ്ലോട്ട് ചിലപ്പോൾ നിങ്ങളെ ദ്രോഹിച്ചിട്ടുണ്ടാകാം. പക്ഷേ എല്ലാ പ്രശ്നങ്ങളും സമവായത്തിലൂടെ പരിഹരിക്കാം. സിന്ധ്യ ചെയ്ത തെറ്റ് ആവർത്തിക്കരുത്. ബി.ജെ.പി വിശ്വാസയോഗ്യമല്ലാത്ത പാർട്ടിയാണ്. മറ്റുള്ള പാർട്ടികളിൽ നിന്നും വന്നുചേർന്ന ആരും അവിടെ രക്ഷപ്പെട്ടിട്ടില്ല.
സചിൻ എനിക്ക് മകനെപ്പോലെയാണ്. അവൻ എന്നെ ബഹുമാനിക്കുകയും തിരിച്ച് ഞാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെ മൂന്നുനാലുതവണ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തു. അദ്ദേഹം പഴയപോലെയല്ല. മുമ്പ് പെെട്ടന്ന് ഫോണെടുക്കാറുണ്ടായിരുന്നു.
പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുന്നതായി കേട്ടു. എന്താണ് അതിെൻറ ആവശ്യം. കോൺഗ്രസ് അവന് ഒന്നും കൊടുത്തില്ലെന്നാണോ പറയുന്നത്?. 26 വയസ്സിൽ എം.പിയാക്കി. 32 വയസ്സിൽ കേന്ദ്രമന്ത്രിയായി. 34 വയസ്സിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി. 38വയസ്സിൽ ഉപ മുഖ്യമന്ത്രിയാക്കി. ഇതിനപ്പുറം എന്താണ് വേണ്ടത്? ഇനിയും സമയമുണ്ട്.
കൂടെയുള്ളവരിൽ വിശ്വാസമുണ്ടെങ്കിൽ എന്തിനാണ് അവരെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്നത്?. പൈലറ്റ് കഴിഞ്ഞതെല്ലാം മറന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവർത്തിക്കണമെന്നും ദിഗ്വിജയ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.