ബി.ജെ.പി സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കാണുന്നു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് ബി.ജെ.പി കാണുന്നതെന്നും അതുകൊണ്ടാണ് അവരുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ ആർ.എസ്.എസ് സ്ത്രീകളെ അതിന്‍റെ 'ശാഖ'കളിൽ പ്രവേശിക്കാൻ അനുവദിക്കാത്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കോൺഗ്രസിന്‍റെ നോർത്ത് വെസ്റ്റ് ഡൽഹി ലോക്സഭ സ്ഥാനാർത്തി ഉദിത് രാജിന്‍റെ പ്രചാരണത്തിനായി മംഗോൾപുരിയിൽ സംഘടിപ്പിച്ച സ്ത്രീ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഏറെ കൊട്ടിഘോഷിച്ചാണ് ബി.ജെ.പി പാർലമെന്‍റിൽ വനിത സംവരണ ബിൽ പാസ്സാക്കിയത്. പിന്നീടാണ് ബില്ലിലെ നിർദേശങ്ങൾ 10 വർഷങ്ങൾക്കുശേഷമെ നടപ്പാക്കൂ എന്ന് അവർ പറയുന്നത്. ആറാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിനമായ വ്യാഴാഴ്ച രാഹുൽ ഡൽഹി മെട്രോയിൽ സഞ്ചരിച്ച് യാത്രക്കാരുമായി സംദവിക്കാനും സമയം കണ്ടെത്തി. ശനിയാഴ്ചയാണ് ഡൽഹി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്.
മെട്രോയിലെ സഹയാത്രികരെ നേരിട്ടുകണ്ട് അവരുടെ ക്ഷേമം ആരാഞ്ഞു, ഡൽഹിയിൽ മെട്രോ നിർമിക്കാനുള്ള ഞങ്ങളുടെ തീരുമാനം പൊതുഗതാഗതത്തിന് വളരെ ഉപകാരപ്രദമായെന്ന് തെളിയിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. കൂടാതെ, സഹയാത്രികർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ ഉന്നമനത്തിനായി മഹാലക്ഷ്മി യോജന പദ്ധതി നടപ്പാക്കും. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാസത്തിൽ 8,500 രൂപയും വർഷത്തിൽ ഒരു ലക്ഷം രൂപയും നൽകുന്നതാണ് കോൺഗ്രസിന്‍റെ ഈ പദ്ധതി. പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്കുള്ള സംവരണം വർധിപ്പിക്കുമെന്നും രാഹുൽ വോട്ടർമാർക്ക് ഉറപ്പ് നൽകി.
രാജ്യത്തിന്‍റെ ഭരണഘടനയെ കീറിയെറിയാനാണ് ബി.ജെ.പി എപ്പോഴും ആഗ്രഹിക്കുന്നതെന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിന്‍റെ പ്രചാരണത്തിൽ പങ്കെടുത്ത് രാഹുൽ പറഞ്ഞു. ബി.ജെ.പി ഒരിക്കലും ഇന്ത്യൻ ഭരണഘടനയെയോ, ദേശീയ പതാകയേയോ അംഗീകരിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ അവർ അത് പരസ്യമായി സമ്മതിച്ചെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.