ബിഹാറിൽ സഖ്യകക്ഷികളെ ഒതുക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: ബിഹാറിലെ സീറ്റ് വിഭജനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടി അടക്കം സഖ്യകക്ഷികളെ ഒതുക്കി ബി.ജെ.പി മേധാവിത്വം ഉറപ്പിച്ചു. ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് ബി.ജെ.പിയാണ്. സഖ്യകക്ഷിയായ ജനതദൾ-യു, ലോക് ജനശക്തി പാർട്ടി എന്നിവയുടെ ഓരോ സീറ്റ് കുറച്ചു. വിമത ലോക് ജൻശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പശുപതികുമാർ പരസിനെ പുറന്തള്ളി.
ബിഹാറിലെ 40 ലോക്സഭ സീറ്റിൽ 17 ഇടത്ത് ബി.ജെ.പി മത്സരിക്കും. കഴിഞ്ഞ തവണ 17 സീറ്റിൽ മത്സരിച്ച നിതീഷിന്റെ ജെ.ഡി.യുവിന് 16 സീറ്റ് നൽകി. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി 2019ൽ മത്സരിച്ചത് ആറു സീറ്റിലാണെങ്കിലും ഇത്തവണ അഞ്ചു സീറ്റ്.
ചിരാഗിന്റെ അമ്മാവൻകൂടിയായ കേന്ദ്രമന്ത്രി പശുപതി പരസ് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചേക്കും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്കും ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ചക്കും ഓരോ സീറ്റ്.
ജെ.ഡി.യുവിനെക്കാൾ കൂടുതൽ സീറ്റിൽ ബി.ജെ.പി മത്സരിക്കുന്നത് ഇതാദ്യമാണ്. ഫലത്തിൽ ബിഹാറിലെ എൻ.ഡി.എ സഖ്യത്തിന്റെ നേതൃത്വം ജെ.ഡി.യുവിൽനിന്ന് ബി.ജെ.പിക്ക് ലഭിച്ചു. മുന്നണി മാറ്റ പരീക്ഷണങ്ങൾക്കൊടുവിൽ നിതീഷിന് തിരിച്ചടിയാണ് സീറ്റ് നഷ്ടം. എന്നാൽ, മറ്റു സാധ്യതകളില്ലാത്തതിനാൽ വഴങ്ങുകയല്ലാതെ മാർഗമില്ല.
2019ലെ തെരഞ്ഞെടുപ്പിൽ 40ൽ 39 സീറ്റും നേടിയത് എൻ.ഡി.എ സഖ്യമാണ്. 17 വീതം സീറ്റിൽ ബി.ജെ.പിയും ജെ.ഡി.യുവും മത്സരിച്ചപ്പോൾ എല്ലാ സീറ്റിലും ജയിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. എന്നാൽ, ഒരിടത്ത് ജെ.ഡി.യു തോറ്റു. മത്സരിച്ച ആറിടത്തും രാം വിലാസ് പാസ്വാൻ നയിച്ച എൽ.ജെ.പി ജയിച്ചു. ഒരിടത്ത് കോൺഗ്രസ് ജയിച്ചു.
രാംവിലാസ് പാസ്വാൻ മത്സരിച്ചു പോന്ന ഹാജിപ്പൂർ ലോക്സഭ സീറ്റിൽ ഇത്തവണ ചിരാഗ് പാസ്വാൻ മത്സരിക്കും. രാംവിലാസ് പാസ്വാന്റെ നിര്യാണത്തെതുടർന്ന് ഉപതെരഞ്ഞെടുപ്പിൽ ഈ സീറ്റിൽ മത്സരിച്ചു ജയിച്ചത് പശുപതി കുമാർ പരസാണ്. ഈ സീറ്റ് വീണ്ടും കിട്ടണമെന്ന് പരസ് വാശി പിടിച്ചെങ്കിലും ചിരാഗ് പാസ്വാനുമായി ബി.ജെ.പി ബന്ധം മെച്ചപ്പെടുത്തിയതിനാൽ അദ്ദേഹത്തെ തഴഞ്ഞു.
ഗയ സീറ്റാണ് ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് നൽകിയത്. ആർ.എൽ.എം കാരാകട്ട് സീറ്റിൽ മത്സരിക്കും. ശിയോഹർ സീറ്റ് ബി.ജെ.പി ജെ.ഡി.യുവിന് നൽകി. നവാഡ സീറ്റ് എൽ.ജെ.പിക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ ജയിച്ച രണ്ടു സീറ്റാണ് (ഗയ, കാരാകട്ട്) ജനതദൾ-യു വിട്ടുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.