തമിഴ്നാട്ടിൽ വോട്ടറുടെ ഹിജാബ് മാറ്റാൻ ആവശ്യപ്പെട്ട ബി.ജെ.പി ബൂത്ത് ഏജന്റിനെ കസ്റ്റഡിയിലെടുത്തു
text_fieldsചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മധുര മേലൂരിലെ പോളിങ് ബൂത്തിൽ മുസ്ലിം വനിത വോട്ടർമാരോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട് ബി.ജെ.പി ബൂത്ത് ഏജന്റ് ബഹളംവെച്ചത് സംഘർഷത്തിനിടയാക്കി. ഇതുമൂലം വോട്ടെടുപ്പ് അര മണിക്കൂറോളം നിർത്തിവെച്ചു. ശനിയാഴ്ച സംസ്ഥാനമൊട്ടുക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
മധുര മേലൂർ നഗരസഭ എട്ടാം വാർഡിലെ അൽഅമീൻ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് സംഭവം. ബി.ജെ.പി ബൂത്ത് ഏജന്റായ ഗിരിരാജനാണ് സ്ത്രീ വോട്ടർമാർ ഹിജാബ് ധരിച്ചെത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചത്.
ഹിജാബിന്റെ മറവിൽ കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ബൂത്തിൽ തർക്കം മുറുകിയതോടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. മധുരയിലെ മുസ്ലിംഭൂരിപക്ഷ പ്രദേശമാണ് മേലൂർ.
മതവേഷം ധരിച്ചുവരുന്നതിൽ എതിർപ്പില്ലെന്ന് ബൂത്തിലെ മറ്റു രാഷ്ട്രീയകക്ഷികളുടെ ഏജന്റുമാർ പറഞ്ഞതോടെ ഗിരിരാജനെ പോളിങ് സ്റ്റേഷൻ അധികൃതരും പൊലീസും ചേർന്ന് പുറത്താക്കി. ഇയാൾ പ്രതിഷേധം തുടർന്നതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മതവേഷം ധരിച്ച് വോട്ട് ചെയ്യാൻ വരുന്നതിന് വിലക്കില്ലെന്നും മധുര ജില്ല കലക്ടറോട് വിശദീകരണമാവശ്യപ്പെട്ടതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ പളനികുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.