അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി ആര്? ബി.ജെ.പി നിയമസഭ കക്ഷിയോഗം ഇന്ന് അഹ്മദാബാദിൽ
text_fieldsഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം വിജയ് രൂപാണി രാജിവെച്ചതോടെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബി.ജെ.പിയുടെ നിയമസഭ കക്ഷി യോഗം ഞായറാഴ്ച. അഹ്മദാബാദിലെ ബി.ജെ.പി ആസ്ഥാനത്ത് ഉച്ച രണ്ടുമണിയോടെയാണ് യോഗം.
ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ, മുൻ മന്ത്രി ഗോർദൻ സദാഫിയ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പേട്ടൽ എന്നിവരാണ് മുഖ്യമന്ത്രിമാരുടെ പട്ടികയിൽ. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ. പാട്ടീലിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ എല്ലാ ബി.ജെ.പി എം.എൽ.എമാരും പെങ്കടുക്കും. ശനിയാഴ്ച വൈകിട്ട് തന്നെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ എന്നിവർ ഗാന്ധിനഗറിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയിരുന്നു. കൂടാതെ നരേന്ദ്ര സിങ് തോമറും പ്രഹ്ലാദ് ജോഷിയും ഞായറാഴ്ച എത്തിയേക്കും.
അടുത്ത വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് വിജയ് രൂപാണിയുടെ രാജി. ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രൂപാണി നന്ദി രേഖപ്പെടുത്തിയിരുന്നു. കൂടാതെ പാർട്ടി തന്നെ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നായിരുന്നു രൂപാണിയുടെ പ്രസ്താവന.
എന്നാൽ കോവിഡ് പ്രതിരോധത്തിൽ വിജയ് രൂപാണി പരാജയമായിരുന്നുവെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 'ഗുജറാത്തിലെ കോവിഡ് സാഹചര്യത്തിൽ ജനങ്ങൾ തൃപ്തരല്ല. ബി.ജെ.പി സർക്കാറിന്‍റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ രോഷാകുലരാകുകയും ചെയ്തിരുന്നു. വിജയ് രൂപാണിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല' -ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.
കൂടാതെ 2017ന് ശേഷമുള്ള സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവർത്തനങ്ങളും സംസ്ഥാന തലവൻ സി.ആർ. പാട്ടീലുമായുള്ള അഭിപ്രായവ്യത്യാസവും രൂപാണിക്ക് വിനയാകുകയായിരുന്നുവെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.