മഹായുതിയിൽ ചർച്ച തുടങ്ങി, പുതിയ സർക്കാർ ചൊവ്വാഴ്ചയോടെ ; മുഖ്യമന്ത്രിയെ ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിക്കും
text_fieldsമുംബൈ: മഹായുതിയിൽ ഭാവി മന്ത്രിസഭക്കുള്ള ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾക്കായി മഹാരാഷ്ട്ര ബി.ജെ.പി ഉന്നത നേതാക്കൾ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിയിൽ ഒത്തുകൂടി. ചൊവ്വാഴ്ചയോടെ പുതിയ സർക്കാർ നിലവിൽ വരുമെന്നാണ് ബി.ജെ.പി നൽകുന്ന സൂചന. ഫലപ്രഖ്യാപനം പൂർണമാകുന്നതോടെ ബിജെപി, ഷിൻഡെ ശിവസേന, അജിത് പക്ഷ എൻ.സി.പി നേതാക്കൾ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ച നടത്തും.
ചർച്ചക്ക് ശേഷം ബി.ജെ.പി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് സൂചന. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകണമെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. അതേസമയം തെരഞ്ഞെടുപ്പ് നേരിട്ടത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണെന്നും അതിനാൽ ഷിൻഡെ തുടരണമെന്നും ഷിൻഡെ പക്ഷം ആവശ്യപ്പെട്ടു.
ഷിൻഡെയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെന്ന് പ്രചാരണങ്ങൾക്കിടെ മുഖ്യമന്ത്രി പദ മത്സരത്തിൽ താനില്ലെന്ന് ഫഡ്നാവിസ് അഭിമുഖത്തിൽ അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പ്രചാരണ റാലികളിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചുവന്നാൽ ഫഡ്നാവിസ് മുഖ്യമന്ത്രിയാകും എന്ന സൂചനയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയത്.
മുഖ്യമന്ത്രിയെ മുന്നണി നേതാക്കളും ബിജെപി കേന്ദ്ര നേതൃത്വവും തീരുമാനിക്കുമെന്നാണ് ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം. നിലവിൽ ബി.ജെ.പി 126, ഷിൻഡെ 54, അജിത് 38 സീറ്റുകളിലാണ് ലീഡ്ചെയ്യുന്നത്. മൂവരുംചേർന്ന് 218 സീറ്റിൽ മുന്നേറുന്നു. 145 ആണ് സർക്കാർ രൂപവത്കരിക്കാൻ വേണ്ടി കേവല ഭൂരിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.