എൻ.ഡി.എ യോഗത്തിൽ 38 പാർട്ടികൾ പങ്കെടുക്കും; പ്രതിപക്ഷ യോഗം ഫോട്ടോ എടുക്കാനുള്ള അവസരമെന്നും ജെ.പി. നഡ്ഡ
text_fieldsന്യൂഡൽഹി: ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന എൻ.ഡി.എ യോഗത്തിൽ 38 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. നാലു വർഷത്തിനിടെ എൻ.ഡി.എയുടെ സ്വാധീനം വർധിച്ചു. ഇപ്പോഴത്തെ പ്രതിപക്ഷ യോഗം ഫോട്ടോ എടുക്കാനുള്ള അവസരം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടുത്താനുള്ള കൂടിയാലോചനകൾക്കായി 26 പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവിൽ യോഗം ചേരാനിരിക്കെയാണ് എൻ.ഡി.എ സഖ്യ കക്ഷികളുടെ യോഗവും നടക്കുന്നത്. സഖ്യം ഉപേക്ഷിച്ചവർക്ക് എപ്പോൾ മടങ്ങിവരണമെന്ന് സ്വയം തീരുമാനിക്കാം. 2024ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വരും. പ്രതിപക്ഷത്തിനു നേതാവില്ലെന്നും തീരുമാനങ്ങൾ എടുക്കാൻ ശേഷിയില്ലെന്നും നഡ്ഡ പറഞ്ഞു.
എൻ.ഡി.എ സഖ്യത്തിലേക്ക് പുതുതായി എത്തിയ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും. തീരുമാനം എടുക്കാനുള്ള ഇച്ഛാശക്തി പ്രതിപക്ഷത്തിനില്ലെന്നും അഴിമതി മറക്കാനും അന്വേഷണങ്ങളിൽനിന്ന് രക്ഷപ്പെടാനുമുള്ള നീക്കമാണ് നടക്കുന്നതെന്നും നഡ്ഡ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.