തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉദ്ധവ് എൻ.ഡി.എയിലെത്തുമെന്ന് രവി റാണ; പകൽക്കിനാവെന്ന് ശിവസേന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയുടെ വളർച്ചയിൽ ബി.ജെ.പി നേതാക്കൾ അസ്വസ്ഥരാണെന്ന് പാർട്ടി നേതാവ് ആനന്ദ് ദുബെ. തെരഞ്ഞെടുപ്പ് ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും ജയവും തോൽവിയും പ്രവചിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഉദ്ധവ് താക്കറെ എൻ.ഡി.എക്കൊപ്പം ചേരുമെന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായ രവി റാണയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെയായിരുന്നു രവി റാണ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 15 ദിവസത്തിനകം ഉദ്ധവ് താക്കറെ എൻ.ഡി.എയിലേക്ക് തിരിച്ചെത്തും. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതോടെ താക്കറെ മോദിക്കൊപ്പം നിൽക്കുന്നുണ്ടാകുമെന്നും അവകാശവാദത്തിൽ തനിക്ക് ഉറപ്പുണ്ടെന്നുമായിരുന്നു രവി റാണയുടെ പരാമർശം. എക്സിറ്റ് പോളുകളിൽ ഉദ്ധവ് താക്കറെയുടെ ശിവസേനക്ക് ഉയർന്ന ഭൂരിപക്ഷം വ്യക്തമാകുന്നതിനിടെ റാണയുടെ പരാമർശം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
റാണെയുടെ പരാമർശം തങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും ബി.ജെ.പി നേതാക്കൾ പകൽക്കിനാവ് കാണുകയാണെന്നുമായിരുന്നു ആനന്ദ് ദുബെയുടെ പ്രതികരണം. അവർക്ക് ഞങ്ങളുടെ പാർട്ടിയോട് ദേഷ്യമാണ്. നവനീത് റാണയും രവി റാണയും തുടക്കം മുതൽ പാർട്ടിയെ കുറ്റം പറയുകയാണെന്നും ദുബെ കൂട്ടിച്ചേർത്തു.
ഉദ്ധവിൻ്റെ സേന 9-14 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയാകുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.