നിതീഷ്-പാസ്വാൻ പോരിൽ ബി.ജെ.പി ഒത്തുകളി
text_fieldsന്യൂഡൽഹി: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ്കുമാറിനോട് ലോക്ജൻശക്തി പാർട്ടി യുദ്ധം പ്രഖ്യാപിച്ചതിനു പിന്നിൽ ബി.ജെ.പിയുടെ ഒത്തുകളി. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുേമ്പാൾ നിതീഷ്കുമാറിനെ ഒതുക്കി സംസ്ഥാനത്ത് വല്യേട്ടനായി മാറുകയെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിെൻറ തന്ത്രം എൽ.ജെ.പിയെ ഉപയോഗിച്ച് നടപ്പാക്കുന്നുവെന്നാണ് വിലയിരുത്തൽ.
നിതീഷിെൻറ തണൽപറ്റി നിൽക്കുകയാണ് ബി.ജെ.പി അടുത്തകാലംവരെ ചെയ്തതെങ്കിൽ ഇപ്പോൾ സ്ഥിതി അതല്ല. ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രചാരണ കൈത്താങ്ങിലാണ് നിതീഷ്. 15 വർഷമായി അധികാരത്തിൽ തുടരുന്ന നിതീഷ് കടുത്ത ഭരണവിരുദ്ധ വികാരമാണ് നേരിടുന്നത്.
ഈ സാഹചര്യങ്ങൾ നിതീഷിനെ ഒതുക്കാനുള്ള അവസരമായി ബി.ജെ.പി കാണുന്നു. എൻ.ഡി.എ സഖ്യത്തിെൻറ നേതാവും മുഖ്യമന്ത്രി സ്ഥാനാർഥിയുമായി നിതീഷിനെയാണ് ഉയർത്തിക്കാട്ടുന്നതെങ്കിലും, തെരഞ്ഞെടുപ്പിൽ ജയം ആവർത്തിച്ചാൽ സ്ഥിതി മാറും. അതിനുള്ള ഉപകരണമാണ് ലോക്ജൻശക്തി പാർട്ടിയുടെ യുവനേതാവ് ചിരാഗ് പാസ്വാൻ. ചിരാഗുമായി ഉറ്റ ബന്ധമാണ് ആഭ്യന്തരമന്ത്രി അമിത് ഷാക്ക്. നിതീഷിനെ തള്ളിമാറ്റി സ്വന്തം രാഷ്ട്രീയഭാവി വളർത്താനുള്ള ചിരാഗിെൻറ താൽപര്യം ബി.ജെ.പി സമർഥമായി ഉപയോഗപ്പെടുത്തുകയാണെന്ന് ഈ പാർട്ടികളിലെ നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
എങ്ങോട്ടും ചേരി മാറി കസേര നിലനിർത്തുകവഴി 'കുർസികുമാർ' ആയി നിതീഷ് ബിഹാറിൽ മാറിയിട്ടുണ്ട്. ഇതിനിടയിൽ നഷ്ടപ്പെട്ടത് വിശ്വാസ്യതയാണ്. ബി.ജെ.പി പാളയം വിട്ട് മറ്റൊരു ചേരിമാറ്റം ഇനി നിതീഷിന് എളുപ്പമല്ല. ഇൗ ദൗർബല്യംകൂടി തിരിച്ചറിഞ്ഞ് വെട്ടിയൊതുക്കാനുള്ള നീക്കമാണ് അണിയറയിൽ.
സ്വന്തം വളർച്ചക്കുവേണ്ടി സഖ്യകക്ഷികളെ മൂലയിലാക്കുന്ന തങ്ങളുടെ രീതിതന്നെയാണ് ബി.ജെ.പി ബിഹാറിലും പയറ്റുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെയും ആന്ധ്രപ്രദേശിൽ ടി.ഡി.പിയെയും ഏറ്റവുമൊടുവിൽ പഞ്ചാബിൽ അകാലിദളിനെയും കറിവേപ്പിലയാക്കിയപോലെ ജെ.ഡി.യുവിനെയും അരുക്കാക്കാം എന്നാണ് ബി.ജെ.പി ലക്ഷ്യം.
ബി.ജെ.പിയുടെ സഖ്യകക്ഷിയായി തുടർന്നുകൊണ്ട്, മറ്റൊരു പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യുവിനോട് എൽ.ജെ.പി നേർക്കുനേർ ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ മോദി-അമിത് ഷാമാർ തീവ്രശ്രമമൊന്നും നടത്താതിരുന്നത് ശ്രദ്ധേയം.
നിതീഷിനെ ജനരോഷത്തിന് വിട്ടുകൊടുത്ത് പാസ്വാനെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഹായിക്കുന്ന ചുറ്റുപാടാണ് രൂപപ്പെടുന്നത്. നിതീഷിെൻറ സ്ഥാനാർഥികളെ നേരിടുമെന്നും ബി.ജെ.പിയെ പിന്തുണക്കുമെന്നും ചിരാഗ് പാസ്വാൻ പറയുേമ്പാൾ, ജെ.ഡി.യു സ്ഥാനാർഥികളെ തള്ളി എൽ.ജെ.പിക്കാർക്ക് ബി.ജെ.പിയുടെ വോട്ട് മറിഞ്ഞെന്നു വരും. ജയസാധ്യത നോക്കി ബി.ജെ.പി വോട്ടു മറിയുേമ്പാൾ, ദുർബലനാവുന്നത് നിതീഷാണ്.
ഇത് തെരഞ്ഞെടുപ്പിനുശേഷം ജെ.ഡി.യുവിെൻറ വിലപേശൽശേഷി ചോർത്തും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 40 സീറ്റിൽ മാത്രം മത്സരിച്ച എൽ.ജെ.പി 143 സീറ്റ് വേണമെന്നായിരുന്നു വാശിപിടിച്ചത്. ഇേപ്പാഴും കൂടുതൽ സീറ്റിൽ മത്സരിക്കുന്നത് ബി.ജെ.പിയാണ്. 243ൽ 121 സീറ്റിൽ. ജെ.ഡി.യുവിന് 122 സീറ്റ് കിട്ടിയെങ്കിലും അതിൽ അഞ്ച് ജിതൻറാം മാഞ്ചിക്കുള്ള ക്വോട്ടയാണ്.
മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ബി.ജെ.പിയേക്കാൾ ജെ.ഡി.യു പിറകിലാകുന്നത് പഴയ നിതീഷിന് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.