മുത്തലാഖിനെതിരെ മോദി; മുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണം
text_fieldsമുസ്ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും അവരോട് അനീതി ചെയ്യരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് എന്ന സാമൂഹിക തിന്മയുടെ പേരില്‍ മുസ്ലിം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ സമൂഹത്തെ ഉണര്‍ത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു. മുസ്ലിംകളിലും പിന്നാക്കക്കാരുണ്ടെന്ന് പറഞ്ഞ മോദി അവരെ ബി.ജെ.പി പ്രത്യേകം വിളിച്ചുകൂട്ടണമെന്നും ഭുവനേശ്വറില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ സമാപന പ്രസംഗത്തിനിടെ മോദി നിര്‍ദേശിച്ചു.
മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്ത നിര്‍വാഹക സമിതിയില്‍ മോദി നടത്തിയ പ്രസംഗം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചത്. മുത്തലാഖുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനകത്ത് ഭിന്നതയുണ്ടാകണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്ന് മോദി പറഞ്ഞുവെന്ന് ഗഡ്കരി വിശദീകരിച്ചു. എന്നാൽ, മുത്തലാഖിെൻറ പേരില്‍ രാജ്യത്ത് മുസ്ലിം സ്ത്രീകള്‍ പ്രയാസപ്പെടുകയാണ്. നമ്മുടെ മുസ്ലിം സഹോദരിമാര്‍ ചൂഷണം ചെയ്യപ്പെടരുത്. അവരോട് അനീതി ചെയ്യുകയുമരുത്. അതിന് ഇത്തരം സാമൂഹിക തിന്മകള് ഒഴിവാക്കണം.
സാമൂഹിക തിന്മകള് എവിടെയുണ്ടെങ്കിലും അതിനെതിരായ ബോധവത്കരണത്തിന് ഇറങ്ങണം. മുത്തലാഖിെൻറ കാര്യത്തില്‍ സംഘര്‍ഷത്തിെൻറ പാതയല്ല സ്വീകരിക്കേണ്ടത്. സമാധാനപരമായ പരിഹാരം കാണാന്‍ സമൂഹത്തെ സജ്ജമാക്കണം. അതിനായി ബി.ജെ.പി പ്രവര്‍ത്തകര്‍ താഴേ തട്ടിലേക്കിറങ്ങണമെന്നും മോദി ആഹ്വാനം ചെയ്തു.
പിന്നാക്കം നില്ക്കുന്ന മുസ്ലിംകള്ക്കുള്ള സംവരണം നാലില്‍നിന്ന് 12 ആക്കി ഉയര്‍ത്താനുള്ള നിയമ നിര്‍മാണത്തെ തെലങ്കാന നിയമസഭയില്‍ ബി.ജെ.പി എതിര്‍ത്ത ദിവസംതന്നെയാണ് ഇവരെ വിളിച്ചുകൂട്ടാന്‍ മോദി ഭുവനേശ്വറില്‍ ആഹ്വാനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.