ഈഗോയിൽ തട്ടി എം.വി.എ; രണ്ടാം പട്ടികയുമായി കോൺഗ്രസും ബി.ജെ.പിയും
text_fieldsമുംബൈ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും കോൺഗ്രസും തമ്മിൽ ഈഗോ പോര്. സീറ്റ് വിഭജന ചർച്ച നടന്നുകൊണ്ടിരിക്കെയാണ് ഉദ്ധവ് പക്ഷം 65 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടത്. കോൺഗ്രസുമായും ശരദ് പവാർ പക്ഷ എൻ.സി.പിയുമായും തർക്കത്തിലുള്ള 12 സീറ്റും പട്ടികയിലുണ്ടായിരുന്നു.
പിന്നീട് ശരദ് പവാറിന്റെ സാന്നിധ്യത്തിൽ മൂന്ന് പാർട്ടിയും 85 വീതം സീറ്റിൽ മത്സരിക്കാമെന്ന് ധാരണയായി. അതോടെ ആദ്യ പട്ടികയിൽ മാറ്റംവരുത്തുമെന്ന് ഉദ്ധവ് പക്ഷം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ, ആദ്യ പട്ടികയെ ചൊല്ലി കോൺഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ ഉദ്ധവ് താക്കറെക്ക് അയച്ച കത്താണ് ‘ഈഗോ’ ഉണർത്തിയത്. ഇതോടെ സീറ്റുകളിൽ ഇനി മാറ്റമില്ലെന്ന് ഉദ്ധവ് നിലപാടെടുത്തു. ശനിയാഴ്ച കോൺഗ്രസ് നേതാവ് ബാലാസാഹെബ് തോറാട്ട് ‘മാതോശ്രീ’യിൽ ചെന്ന് ഉദ്ധവുമായി ചർച്ചനടത്തി. കോൺഗ്രസും (23 സീറ്റുകൾ) ഉദ്ധവ് പക്ഷവും (15) പവാർ പക്ഷവും (22) ശനിയാഴ്ച രണ്ടാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. ഇതിനിടയിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർക്ക് അജിത് പവാർ പക്ഷത്ത് ചേരാൻ കോടികളുടെ വാഗ്ദാനം നൽകിയതായി കോൺഗ്രസ് ദേശീയ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ ആരോപിച്ചു.
എന്നാൽ, സംഭവത്തിൽ ഭരണപക്ഷം പ്രതികരിച്ചിട്ടില്ല. എം.വി.എയിൽ കോൺഗ്രസും (71) ഉദ്ധവ് പക്ഷവും (80) പവാർ പക്ഷവും (67)ഇതുവരെ 218 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 288 മണ്ഡലങ്ങളാണുള്ളത്. ആറ് സീറ്റിൽ പി.ഡബ്ല്യു.പിയും നാലുവീതം സീറ്റുകളിൽ സി.പി.എമ്മും സമാജ് വാദി പാർട്ടിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മത്സരിക്കാൻ ആദ്യം താൽപര്യം കാണിച്ച ആം ആദ്മി പാർട്ടി പിന്നീട് പിന്മാറി. എങ്കിലും മഹാവികാസ് അഘാഡിക്ക് വേണ്ടി അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിനെത്തും. മഹായൂത്തിൽ ബി.ജെ.പിയും (121) ഷിൻഡെ പക്ഷവും (45) അജിത് പക്ഷവും (45) ഇതുവരെ 211 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഭരണ മുന്നണിയിലും സീറ്റ് തർക്കമുണ്ട്.
ഭുജ്ബലിന് മറാത്ത കുരുക്കിട്ട് പവാർ
മുംബൈ: മുൻ വിശ്വസ്തൻ ഛഗൻ ഭുജ്ബലിനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തി എൻ.സി.പി നേതാവ് ശരദ് പവാർ. ശക്തനായ മറാത്ത നേതാവ് മാണിക്റാവു ഷിൻഡെയെയാണ് നാസിക്കിലെ യേവ്‍ലയിൽ പവാർ പക്ഷം സ്ഥാനാർഥിയാക്കിയത്. മറാത്ത സംവരണ സമരത്തെ അട്ടിമറിക്കാൻ ബി.ജെ.പിക്ക് കൂട്ടുനിന്ന ഭുജ്ബലിനോട് മറാത്തകൾക്ക് ശത്രുതയാണ്. ഇത് മുതലെടുക്കാനാണ് ശ്രമം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയുടെ മുന്നേറ്റത്തിന് മറാത്തകൾ പ്രധാന കാരണമായിരുന്നു. 2004 മുതൽ യേവ്ലയിൽ ജയിച്ചുവരുന്ന ഭുജ്ബലിന് ഇക്കുറി കാര്യങ്ങൾ എളുപ്പമാകില്ല. എൻ.സി.പി സ്ഥാപകൻ ശരദ് പവാറിന്റെ വിശ്വസ്തനായാണ് ഛഗൻ ഭുജ്ബൽ അറിയപ്പെട്ടിരുന്നത്. അജിത് പവാർ പാർട്ടി പിളർത്തിയപ്പോൾ ഭുജ്ബൽ കൂടെപ്പോയപ്പോഴും പവാറിന്റെ അറിവോടെ ആയിരിക്കുമെന്നാണ് കരുതപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.