വിദർഭയിൽ തേരോട്ടത്തിന് തന്ത്രം മെനഞ്ഞ് ബി.ജെ.പിയും കോൺഗ്രസും
text_fieldsമുംബൈ: മഹാരാഷ്ട്ര പിടിക്കാൻ വിദർഭയിൽ കരുക്കൾ നീക്കി ബി.ജെ.പിയും കോൺഗ്രസും. സംസ്ഥാനത്തെ 288 സീറ്റുകളിൽ 62 സീറ്റുകൾ വിദർഭയിലാണ്. വിദർഭയിൽ ജയിച്ചാൽ മഹാരാഷ്ട്ര ഭരിക്കാമെന്നാണ് ചൊല്ല്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന വിദർഭയിൽ ശിവസേനയുടെ സഹായത്തോടെയാണ് ബി.ജെ.പി ഇതുവരെ മുന്നേറ്റം നടത്തിയത്.
2019 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ 15ൽ പിടിച്ചുകെട്ടി ബി.ജെ.പി മേഖലയിൽ 30 സീറ്റുകൾ നേടിയിരുന്നു. ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ 10 ൽ അഞ്ച് സീറ്റും പിടിച്ച ബി.ജെ.പി കോൺഗ്രസിനെ ഒന്നിലൊതുക്കി. എന്നാൽ, ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷ ശിവസേനയുടെ പിൻബലത്തിൽ പത്തിൽ അഞ്ച് കോൺഗ്രസ് തിരിച്ചുപിടിച്ചു. ബി.ജെ.പി രണ്ടിലൊതുങ്ങി.
20ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
പ്രദേശത്തെ പ്രബല ജാതികളായ കുൺഭികൾ കോൺഗ്രസ് പക്ഷത്തും ടെലികൾ ബി.ജെ.പിക്കൊപ്പവുമാണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പടോലെയും പ്രതിപക്ഷ നേതാവ് വിജയ് വഡെടിവാറും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവങ്കുലെയും വിദർഭയിൽനിന്നുള്ളവരായത് യാദൃശ്ചികമല്ല.
ബി.ജെ.പിയുടെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വിദർഭയിൽനിന്നുള്ള പ്രമുഖനാണ്. ഗാന്ധിജിയുടെ സേവാഗ്രാമും (വാർധ) ആർ.എസ്.എസിന്റെ ആസ്ഥാനവും (നാഗ്പുർ) ഈ മേഖലയിലാണ്. വിദർഭയിൽ 35 സീറ്റുകളിൽ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേരാണ് പോര്.
പിന്മാറാതെ വിമതർ
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണ പക്ഷമായ മഹായുതിയിൽ 18ഉം പ്രതിപക്ഷമായ മഹാവികാസ് അഘാഡിയിൽ 22ഉം വിമതർ. ഉദ്ധവ് പക്ഷ ശിവസേനയിലാണ് കൂടുതൽ വിമതർ. 11 പേരുണ്ട്. ഇവരിൽ അഞ്ചു പേരെ ഉദ്ധവ് പുറത്താക്കി. കോൺഗ്രസിൽ ഏഴും ശരദ് പവാർ പക്ഷത്ത് നാലും വിമതരുണ്ട്. 42 വിമതരിൽ 20 പേരെക്കൊണ്ട് പത്രിക പിൻവലിപ്പിക്കാൻ എം.വി.എക്കായി. മഹായുതിയിൽ ബി.ജെ.പിയിലാണ് കൂടുതൽ വിമതർ. ഒമ്പത് പേരുണ്ട്. ഷിൻഡെ പക്ഷ ശിവസേനയിൽ ആറും അജിത് പവാർ പക്ഷ എൻ.സി.പിയിൽ മൂന്നും വിമതരുണ്ട്. 43 വിമതരിൽ 25 പേരെക്കൊണ്ട് പിൻവലിപ്പിക്കാൻ മഹായുതിക്കായി. കോലാപുരിൽ കോൺഗ്രസിന് സ്ഥാനാർഥിയില്ല. വിമതൻ പിന്മാറാത്തതിനെ തുടർന്ന് ഔദ്യോഗിക സ്ഥാനാർഥി പിന്മാറുകയായിരുന്നു. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ 4,140 പേരാണ് ജനവിധി തേടുന്നത്. ഇതിൽ 420 പേർ 36 സീറ്റുകളുള്ള മുംബൈ നഗരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.