'തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു' -പ്രതിരോധിക്കാനുറച്ച് ടി.ആർ.എസ്
text_fieldsഹൈദരാബാദ്: വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്.എം.സി) തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി തെലങ്കാനയിൽ വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്)വർകിങ് പ്രസിഡന്‍റ് കെ. താരക രാമ റാവു.
കേന്ദ്രസർക്കാർ ഹൈദരാബാദിനായി ഒരു കാര്യവും ചെയ്തിട്ടില്ല. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നത് സംസ്ഥാനമാണെന്നും മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസന മന്ത്രി കൂടിയായ റാവു പറഞ്ഞു.
'സാമൂഹ്യനീതി കാണിക്കേണ്ടത് വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ്. സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും ഞങ്ങൾ നീതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ജി.എച്.എം.സിയുടെ സീറ്റ് വിഭജനം അതിന് തെളിവാണ്. - റാവു പറഞ്ഞു.
'ഹൈദരാബാദ് തെലങ്കാനയുടെ ഫിനാൻഷ്യൽ എഞ്ചിൻ പോലെയാണ്. ഹൈദരാബാദ് നല്ലതാണെങ്കിൽ തെലങ്കാനയും നല്ലതായിരിക്കും. കർഷകരടക്കം എല്ലാവരും നന്നായിരിക്കും. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിർണായക തിരഞ്ഞെടുപ്പാണ്. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ചത് സംസ്ഥാന സർക്കാരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 95 ശതമാനം ജലപ്രശ്നങ്ങളും പരിഹരിച്ചതായും 2050 വരെ ഹൈദരാബാദിന് കുടിവെള്ളം നൽകുന്ന കാലേശ്വരം റിസർവോയർ നിർമ്മാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിനാണ് തെരഞ്ഞെടുപ്പ്. 4 ന് വോട്ടെണ്ണും.
നേരത്തേ ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാൻ ആഹ്വാനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രംഗത്തെത്തിയിരുന്നു. ബി.ജെ.പി വിരുദ്ധ പാർട്ടികളിലെ നേതാക്കൾ കേന്ദ്ര സർക്കാറിനെതിരെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധരായ നേതാക്കളെ പങ്കെടുപ്പിച്ച് ഡിസംബർ രണ്ടാം വാരം ഹൈദരാബാദിൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.