ഭയം കൊണ്ടാണ് സെബി മേധാവിയെ സംരക്ഷിക്കാൻ ബി.ജെ.പിയിറങ്ങിയത് -പരകാല പ്രഭാകർ
text_fieldsകൊച്ചി: ഭയം കൊണ്ടാണ് സെബി മേധാവിയെ സംരക്ഷിക്കാൻ ബി.ജെ.പിയും കേന്ദ്രസർക്കാറും ഇറങ്ങിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനും ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. സ്വന്തം തെറ്റുകളും പുറത്ത് വരുമെന്ന ഭയമാണ് ബി.ജെ.പിക്കുള്ളതെന്നും പരകാല പ്രഭാകർ കുറ്റപ്പെടുത്തി.
ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ മാധുരി ബുച്ചിനും സെബിക്കും എതിരാണ്. അവരാണ് അതിനെ പ്രതിരോധിക്കേണ്ടത്. എന്നാൽ, ഇപ്പോൾ വിഷയത്തിൽ പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നത് ബി.ജെ.പിയാണ്. എന്താണ് ഇക്കാര്യത്തിൽ ബി.ജെ.പിയും രവിശങ്കർ പ്രസാദും പറയുന്നതെന്ന് വ്യക്തമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയിൽ ചെറുകിട, ഇടത്തരം നിക്ഷേപകർക്കുള്ള ആത്മവിശ്വാസം പൂർണമായും നഷ്ടപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുകയാണ്. രാജ്യത്ത തൊഴിലില്ലായ്മ ഉയരുകയാണ്. പണപ്പെരുപ്പം ഉയർന്ന നിരക്കിലാണ്.
പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുഖത്ത് അടിയേൽക്കുന്ന ഫലമാണ് ഉണ്ടായത്. ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് ഇതിന്റെ തെളിവാണ്. പ്രതിപക്ഷ പാർട്ടികൾ കുറച്ച് കൂടി കഠിനമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ ഫലം മറ്റൊന്നാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.