ബി.ജെ.പി ടിക്കറ്റ് നൽകിയില്ല: ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് കാർക്കളയിൽ സ്വതന്ത്ര പത്രിക നൽകി
text_fieldsമംഗളൂരു: അടുത്ത മാസം 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കാർക്കള മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് പത്രിക നൽകി. മന്ത്രി വി.സുനിൽ കുമാർ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന മണ്ഡലമാണിത്. മുനിയാലു ഉദയ് ഷെട്ടിയാണ് കോൺഗ്രസ് സ്ഥാനാർഥി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുനിൽ കുമാർ ഈ മണ്ഡലത്തിൽ കോൺഗ്രസിലെ എച്ച്.ഗോപാൽ ഭണ്ഡാരിയെ 1.46 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
മന്ത്രി സുനിൽ കുമാറിന് എതിരെ ആരോപണങ്ങളുമായി മുത്തലിഖ് നേരത്തെ രംഗത്ത് വന്നിരുന്നു. ബി.ജെ.പി തന്നെ സ്ഥാനാർത്ഥിയാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബി.ജെ.പി നേതാക്കളുടെ ഷൂ നക്കിയിരുന്നെങ്കിൽ താൻ ബാങ്ക് അക്കൗണ്ട് പോലുമില്ലാതെ വാടക വീട്ടിൽ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നു എന്ന് മുത്തലിഖ് പറഞ്ഞു.ദക്ഷിണ കന്നട ജില്ല ചുമതല വഹിക്കുന്ന ഊർജ്ജ-സാംസ്കാരിക മന്ത്രി വി.സുനിൽ കുമാറിന്റെ സമ്പാദ്യം അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൻ എന്തുമാത്രം വർധിച്ചു എന്ന് കാണണം.തനിക്ക് എതിരെ 109 കേസുകളാണുള്ളത്.ഇതിൽ ഏറെയും ബി.ജെ.പി സർക്കാർ ചുമത്തിയതാണ് .വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ശ്രീരാമ സേന കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് ഷെട്ടി,നേതാക്കളായ ഗംഗാധർ കുൽക്കർണി, സുഭാഷ് ഹെഗ്ഡെ, പ്രമോദ് മുത്തലിഖ് ഫാൻ അസോസിയേഷൻ പ്രസിഡണ്ട് ഹരിഷ് അധികാരി,ചിത്തരഞ്ജൻ ഷെട്ടി,ദുർഗ സേന പ്രസിഡണ്ട് വിനയ റനഡെ, സെക്രട്ടറി രൂപ ഷെട്ടി തുടങ്ങിയവർ പത്രികാസമർപ്പണ വേളയിൽ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.