ഹിന്ദുക്കളുടെ അന്ത്യകർമം ഹിന്ദുക്കൾ ചെയ്യട്ടെ; ശ്മശാനത്തിലെ മുസ്ലിംകളുടെ സേവനത്തിനെതിരെ ബി.ജെ.പി
text_fieldsവഡോദര: കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. കോവിഡ് മരണങ്ങൾ മൂലം സംസ്ഥാനത്തെ ശ്മശാനങ്ങളിൽ മുമ്പില്ലാത്ത തിരക്ക് അനുഭവപ്പെടുകയാണ്.
ഇതിനിടെ വഡോദരയിലെ ഖസ്വാദി ശ്മശാനത്തിൽ മുസ്ലിം വളണ്ടിയറുടെ സാന്നിധ്യം കണ്ടതിൽ നീരസം പ്രകടിപ്പിച്ച് ബി.ജെ.പി രംഗത്തെത്തി. ഏപ്രിൽ 16ന് ഒരു ബി.ജെ.പി നേതാവിന്‍റെ സംസ്കാര ചടങ്ങിനായെത്തിയ വേളയിൽ ശ്മശാനത്തിൽ മുസ്ലിം വളണ്ടിയറെ കണ്ടതോടെയാണ് ബി.ജെ.പി നേതാക്കൾ സംഭവം വിവാദമാക്കിയത്.
ബി.ജെ.പി നേതാക്കൾ വിഷയം വഡോദര മുൻസിപ്പൽ കോർപറേഷന്‍റെ (വി.എം.സി) ശ്രദ്ധയിൽ പെടുത്തിയപ്പോൾ മഹാമാരിയുടെ സമയത്ത് സഹോദര സമുദായങ്ങൾ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്നായിരുന്നു നിലപാട്.
പാർട്ടി നേതാവിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായാണ് ബി.ജെ.പി സിറ്റി യൂനിറ്റ ് പ്രസിഡന്‍റ് ഡോ. വിജയ് ഷാ ഉൾപ്പെടെയുള്ളവർ ഏപ്രിൽ 16ന് ശ്മശാനത്തിൽ എത്തിയത്. ശ്മശാനത്തിൽ വിറകും ചാണകവും ഉപയോഗിച്ച് ചിത ഒരുക്കുന്ന മുസ്ലിം ചെറുപ്പക്കാരന്‍റെ സാന്നിധ്യത്തെയാണ് നേതാക്കൾ എതിർത്തത്. മുസ്ലിംകൾക്ക് ശ്മശാനത്തിൽ പ്രവേശിക്കാൻ അനുവാദം നൽകരുതെന്ന് ഷാ വി.എം.സിയോട് ആവശ്യപ്പെടുകയായിരുന്നു.
'അദ്ദേഹം വിറകും ചാണകവും വിതരണം ചെയ്യുന്ന ഒരു കരാറുകാരനാണെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. പക്ഷേ അദ്ദേഹം ഉപകരാർ കൊടുക്കുകയോ കൂടുതൽ മുസ്ലിം യുവാക്കളെ ശ്മശാനത്തിൽ ജോലിക്ക് നിയോഗിക്കുകയോ ചെയ്തു. അത് തെറ്റാണ്. നല്ല ജോലികൾക്കായി സന്നദ്ധസേവനം നടത്തുന്നത് നല്ലതാണ്, എന്നാൽ നിങ്ങൾക്ക് അറിവില്ലാത്ത മതപരമായ ആചാരങ്ങളിൽ ഏർപ്പെടുന്നത് സ്വാഗതാർഹമല്ല. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അന്ത്യസംസ്കാരം വളരെ പ്രധാനമാണ്. അറിയാത്ത ഒരാൾക്ക് ഇത് ചെയ്യാൻ കഴിയില്ല. വിറകും ചാണകവും വിതരണം ചെയ്യുന്നതിനുള്ള കരാർ നൽകിയിട്ടുള്ള വ്യക്തി അത് ശ്മശാനത്തിന് പുറത്ത് എത്തിച്ചാൽ മതിയെന്നാണ് ഞങ്ങൾ വി.എം.സിയോട് ആവശ്യപ്പെട്ടത്. അയാൾ അകത്ത് കടക്കേണ്ട ആവശ്യമില്ല' -ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുസ്ലിം വളണ്ടിയർമാർ സാമൂഹ്യ സേവന രംഗത്ത് മുൻപന്തിയിലുണ്ട്. ബന്ധുക്കൾ ക്വാറന്‍റീനിലായ നിരവധിയാളുകളുടെ സംസ്കാര ചടങ്ങുകൾക്ക് ഇവരായിരുന്നു നേതൃത്വം നൽകിയത്.
'പാർട്ടി നേതാക്കളുടെ ഇൗ നിലപാട് അമ്പരപ്പിക്കുന്നതാണ്. നഗരം പ്രയാസപ്പെടുന്ന മഹാമാരിക്കാലത്ത് ഇവിടെ മതം പറയുന്നത് നല്ലതല്ല. ഒരുവർഷക്കാലമായി മുസ്ലിം വളണ്ടിയർമാർ വി.എം.സിയുമായി സഹകരിച്ച് ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ വിസ്മരിക്കാനാകില്ല' -ഒരു ബി.ജെ.പി നേതാവ് പറഞ്ഞു.
'കഴിഞ്ഞ വർഷവും അതിനുമുമ്പ് രണ്ട് പതിറ്റാണ്ടായി ഈ മനുഷ്യൻ ഞങ്ങളോടൊപ്പം ഇവിടെ അശ്രാന്തമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷം മുസ്ലിം സഹോദരന്മാർ ഈ ശ്മശാനത്തിൽ സംസ്കരിച്ചത് ആയിരത്തോളം മൃതദേഹങ്ങളാണ്. ആരും അവരെ ചോദ്യം ചെയ്തിട്ടില്ല' -ശ്മശാനം ജീവനക്കാരിൽ ഒരാൾ പറഞ്ഞു.
വിറകും ചാണകവും നൽകുന്ന കോൺട്രാക്ടർക്ക് 550 രൂപ നൽകുന്നുണ്ടെന്നും മറ്റ് ജോലികൾ അദ്ദേഹം ചെയ്യുന്നത് സേവനമെന്ന നിലയിലാണെന്നും മെഡിക്കൽ ഓഫിസറായ ദേവേഷ് പേട്ടൽ പറഞ്ഞു.
മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ യോഗേഷ് പട്ടേലും മേയർ കീയൂർ റോക്കാഡിയയും സ്പെഷ്യൽ ഓഫിസർ വിനോദ് റാവുവും ഞായറാഴ്ച മുസ്ലിം നേതാക്കളെ കണ്ടിരുന്നു. മഹാമാരിക്കാലത്തെ പിന്തുണക്ക് നന്ദി അറിയിക്കാനും സഹായം തുടരാനും ആവശ്യപ്പെട്ടായിരുന്നു സന്ദർശനം.
'ഇത് ഒരു മഹാമാരി കാലമാണ്. സമൂഹത്തിന്‍റെ നന്മ മുൻനിർത്തി സമുദായങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയും പരസ്‌പരം വികാരങ്ങൾ മനസ്സിലാക്കുകയും വേണം. വിവാദം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് രമ്യമായി പരിഹരിക്കുകയും ചെയ്യും' -മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.