അരവിന്ദ് കെജ്രിവാളിെൻറ വക്കീൽ ഫീസ് വിവാദമാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും പ്രതിരോധത്തിലാക്കാൻ അദ്ദേഹത്തിെൻറ വക്കീൽ ഫീസ് വിവാദമാക്കി ബി.ജെ.പി രംഗത്തുവന്നു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരായ മാനനഷ്ടക്കേസിൽ കെജ്രിവാളിെൻറ അഭിഭാഷകനായിരുന്ന രാം ജത്മലാനിക്ക് വക്കീൽ ഫീസായി കൊടുക്കാനുള്ള 3.42 കോടി രൂപയുടെ ബിൽ കെജ്രിവാൾ ഡൽഹി ഗവർണർ ലഫ്റ്റനൻറ് ജനറൽ അനിൽ ബൈജലിന് അയച്ചതാണ് വിവാദമായത്. അതേസമയം, വിവാദത്തിന് പിന്നിൽ ജെയ്റ്റ്ലിയാണെന്ന് കുറ്റപ്പെടുത്തിയ രാം ജത്മലാനി തനിക്ക് നൽകാൻ ഫീസില്ലെങ്കിൽ കെജ്രിവാളിന് താൻ സൗജന്യമായും വാദിക്കുമെന്ന് തിരിച്ചടിച്ചു.
ഡൽഹി ക്രിക്കറ്റ് ബോർഡിൽ ഭാരവാഹിയായ കാലത്ത് നടന്ന ക്രമക്കേടുകളിൽ അരുൺ ജെയ്റ്റ്ലിക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനാണ് ജെയ്റ്റ്ലി കെജ്രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണനീക്കം സി.ബി.െഎയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ അട്ടിമറിച്ചുവെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. ജെയ്റ്റ്ലി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഡൽഹി മുഖ്യമന്ത്രിയുടെ അഭിഭാഷകനെന്ന നിലയിൽ ഹാജരായ രാം ജത്മലാനി തുടർച്ചയായ രണ്ടു ദിവസം ഡൽഹി ഹൈകോടതിയിൽ ക്രോസ് വിസ്താരത്തിൽ ജെയ്റ്റ്ലിയെ നിർത്തിപ്പൊരിച്ചിരുന്നു. ഇതടക്കമുള്ളതിെൻറ ഫീസായാണ് 3.42 കോടി രൂപയുടെ ബിൽ ജത്മലാനി നൽകിയത്.
എന്നാൽ, ബി.ജെ.പി നിയോഗിച്ച ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജൽ ആ ബിൽ ഡൽഹി സർക്കാർ അടക്കുന്നതിന് നിയമോപദേശം തേടി സോളിസിറ്റർ ജനറലിന് അയച്ചു. അതാണ് വാർത്തയായി പുറത്തുവന്നതും ബി.ജെ.പി ഏറ്റെടുത്തതും. മാധ്യമങ്ങൾ വിഷയം വിവാദമാക്കിയതോടെ വിശദീകരണവുമായി രംഗത്തുവന്ന രാം ജത്മലാനി താൻ ക്രോസ് വിസ്താരം നടത്തിയ വിേരാധത്തിന് ജെയ്റ്റ്ലി ഒപ്പിച്ച പണിയാണിതെന്ന് പ്രതികരിച്ചു. സമ്പന്നരിൽനിന്ന് ഫീസ് വാങ്ങാറുള്ള താൻ പാവങ്ങൾക്ക് വെറുതെയാണ് കേസ് വാദിക്കാറുള്ളതെന്ന് വ്യക്തമാക്കി. ഇനി ഡൽഹി സർക്കാറിന് ഫീസ് നൽകാൻ കഴിയില്ലെങ്കിൽ പാവപ്പെട്ട ഒരു കക്ഷിയായി കണ്ട് താൻ തുടർന്നും കെജ്രിവാളിന് കേസ് വാദിക്കുമെന്ന് ജത്മലാനി കൂട്ടിച്ചേർത്തു. ജത്മലാനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്ന ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് തനിക്കുവേണ്ടി അദ്ദേഹം കേസ് വാദിച്ചതും സൗജന്യമായിട്ടാണെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.