ബി.ജെ.പി വോട്ടർമാർക്ക് 1000 രൂപ വരെ നൽകി; പരാജയത്തിന് പിന്നാലെ ആരോപണവുമായി ഷെട്ടാർ
text_fieldsന്യൂഡൽഹി: ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിലെത്തിയ ജഗ്ദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർഥി മഹേഷ് തെനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെട്ടാർ.
പണമുപയോഗിച്ചാണ് ഹുബള്ളി-ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചതെന്നാണ് ഷെട്ടാറിന്റെ ആരോപണം. 500 രൂപ മുതൽ 1000 രൂപ വരെ വോട്ടർമാർക്ക് ബി.ജെ.പി നൽകിയെന്ന് ഷെട്ടാർ പറഞ്ഞു.പണാധിപത്യമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക സ്വാധീനം ചെലുത്തിയത്. ഇതിനൊപ്പം ബി.ജെ.പിയുടെ സമ്മർദ തന്ത്രവും അവരുടെ ഐ.ടി സെല്ലുകളും തന്റെ തോൽവിക്ക് കാരണമായെന്ന് ഷെട്ടാർ പറഞ്ഞു.
കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും ഞാൻ വോട്ടർമാർക്ക് പണം നൽകിയിട്ടില്ല. ഇതാദ്യമായി ബി.ജെ.പി തെരഞ്ഞെടുപ്പിൽ പണം വിതരണം ചെയ്തുവെന്നും ഷെട്ടാർ പറഞ്ഞു.കോൺഗ്രസിൽ ഷെട്ടാറിന്റെ പദവിയെ കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിയുടെ ഉന്നമനത്തിനും ശക്തിക്കും വേണ്ടി കോൺഗ്രസ് എന്ത് തീരുമാനമെടുത്താലും താൻ അത് അംഗീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ 35,000 വോട്ടുകൾക്കാണ് ഷെട്ടാർ പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.