'ബി.ജെ.പി കലാപങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല, തടയാറുണ്ട്'; ദിഗ്വിജയ് സിങിന് മറുപടിയുമായി മധ്യപ്രദേശ് മന്ത്രി
text_fieldsന്യൂഡൽഹി: പാവപ്പെട്ട മുസ്ലിം യുവാക്കൾക്ക് ബി.ജെ.പി കല്ലെറിയാൻ പണം നൽകുന്നുവെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങിന്‍റെ പരാമർശത്തിന് മറുപടിയുമായി മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ്. ബി.ജെ.പി കലാപങ്ങളെ പ്രോത്സാഹിപ്പിക്കാറില്ലെന്നും അവ തടയാനാണ് ശ്രമിക്കാറെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
തെളിവില്ലെന്ന് പറയുന്ന നിങ്ങൾ എങ്ങനെയാണ് ഇത്തരം പരാമർശങ്ങൾ നടകത്തുന്നതെന്നും ഭോപാൽ വിഷവാതക ദുരന്ത നിവാരണ-പുനരധിവാസ മന്ത്രിയായ സാരംഗ് പറഞ്ഞു. കോൺഗ്രസിന് മെച്ചമുണ്ടാകുന്ന കാര്യമായതിനാൽ കലാപങ്ങൾ പ്രോത്സാഹിപ്പിക്കാൻ അവർ താത്പര്യപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് മന്ത്രിയായ ഭൂപേന്ദ്ര സിങ് പറഞ്ഞു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം നടന്ന സിഖ് വിരുദ്ധ വംശഹത്യയും ഡൽഹി കലാപവുമെല്ലാം പാർട്ടി പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസ് ഇസ്ലാം അനുകൂല പാർട്ടിയായി മാറിയതായി ബി.ജെ.പി നേതാവ് തുഹിൻ സിൻഹ ആരോപിച്ചിരുന്നു. ഹിന്ദു വിഭാഗത്തിന്‍റെ തകർക്കാൻ എന്തും ചെയ്യാൻ കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞെന്നും സിൻഹ പറഞ്ഞു.
രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ നടന്ന വംശീയ കലാപങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ദിഗ്വിജയ് സിങിന്‍റെ പരാമർശം.
ഒരു സംഘം പള്ളിയിൽ കാവി കൊടി നാട്ടുന്നതിന്‍റെ ചിത്രങ്ങൾ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ദിഗ്വിജയ് സിങ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. രാമ നവമി ദിനത്തിൽ ഖാർഗോൺ, ബർവാനി പ്രദേശങ്ങളിൽ വംശീയ കലാപങ്ങൾ നടന്നതിന് പിന്നാലെയായിരുന്നു പോസ്റ്റ്. എന്നാൽ ഖാർഗോൺ കലാപത്തെക്കുറിച്ച് മാത്രമായിരുന്നില്ല പോസ്റ്റെന്നും, ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ക്രമസാമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഇദ്ദേഹത്തിനെതിരെ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.