ബി.ജെ.പി നടത്തുന്നത് ട്വിറ്റർ രാഷ്ട്രീയം; സനാതനധർമ പരാമർശത്തിലെ വാദങ്ങൾ ബി.ജെ.പി തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ
text_fieldsചെന്നൈ: ബി.ജെ.പി നടത്തുന്നത് ട്വിറ്റർ രാഷ്ട്രീയമാണെന്ന് മുതിർന്ന അഭിഭാഷകൻ പി. വിൽസൺ. സനാതനധർമ പരാമർശത്തിന്‍റെ പേരിൽ സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹിന്ദു മുന്നണി നൽകിയ പരാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കേസിലെ വാദങ്ങൾ തെറ്റായ രീതിയിൽ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ ഉൾപ്പെടെയുള്ളവർ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദയനിധി സ്റ്റാലിനെതിരെ വലതുപക്ഷ ഹിന്ദു മുന്നണി നേതാവ് ടി. മനോഹർ നൽകിയ ക്വോ വാറന്‍റോ ഹരജി മദ്രാസ് ഹൈകോടതി പരിഗണിക്കുന്നതിനിടെയായിരുന്നു വിൽസണിന്‍റെ പരാമർശം. ജസ്റ്റിസ് അനിത സുമന്ത് ആയിരുന്നു ഹരജി പരിഗണിച്ചത്.
സെപ്തംബറിലായിരുന്നു ഉദയനിധി സ്റ്റാലിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയത്. ഡെങ്കിയും മലേറിയയും പോലെ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ പരാമർശത്തിനെതിരെ നിരവധി ഹിന്ദുത്വ സംഘടനകളാണ് രംഗത്തെത്തിയത്. രാജ്യത്തുടനീളം അദ്ദേഹത്തിനെതിരെ വിവിധ സംഘടനകളും ബി.ജെ.പി നേതാക്കളും പരാതി നൽകിയിരുന്നു. മന്ത്രിയുടെ തലക്ക് വിലയിട്ട സംഭവങ്ങൾ വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിരുന്നു.
ഹരജി പരഗിണിക്കുന്നതിനിടെ മന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂർണഭാഗം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഹരജി ഫയൽ ചെയ്യുന്നതിന് മുമ്പേ കൃത്യമായ തെളിവുകൾ സമർപ്പിക്കേണ്ടത് ഹരജിക്കാരന്‍റെ ബാധ്യതയാണെന്നും ഇത് നടപ്പിലാക്കാത്ത പക്ഷം ഹരജി തള്ളണമെന്നും ഉദയനിധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം സമത്വം വേണമെന്നും, വിവേചനം ഇല്ലാതാക്കണമെന്നും ജാതി മേധാവിത്വത്തെ കുറിച്ചും പരാമർശിച്ചത് കൊണ്ട് താൻ സത്യാപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്ന് മന്ത്രി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ദ്രാവിഡ പ്രത്യയശാസ്ത്രം ആത്മാഭിമാനം, സമത്വം, യുക്തിസഹമായ ചിന്തകൾ, സാഹോദര്യം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ എതിർവിഭാഗം ജാതിയുടെ അടിസ്ഥാനത്തിൽ വിഭജനത്തെക്കുറിച്ച് സംസാരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ വാദം കേൾക്കുന്നത് നവംബർ ഏഴിലേക്ക് മാറ്റി,.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.