കെ.എസ്. ഈശ്വരപ്പയെ ബി.ജെ.പി പുറത്താക്കി
text_fieldsബംഗളൂരു: ശിവമൊഗ്ഗയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പയെ (75) ബി.ജെ.പി പുറത്താക്കി. കർണാടകയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകീട്ട് അവസാനിച്ചതിന് പിന്നാലെയാണ് പാർട്ടി നടപടി. ആറു വർഷത്തേക്കാണ് മുൻ കർണാടക അധ്യക്ഷൻകൂടിയായ ഈശ്വരപ്പയുടെ സസ്പെൻഷൻ.
ധർവാഡിൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ നിന്ന സ്ഥാനാർഥി ദിംഗലേശ്വർ സ്വാമിയടക്കം പല സ്വതന്ത്ര സ്ഥാനാർഥികളും വിവിധ മണ്ഡലങ്ങളിൽ പത്രിക പിൻവലിച്ചിരുന്നു. എന്നാൽ, ഈശ്വരപ്പ മത്സരത്തിൽ ഉറച്ചുനിന്നതോടെയാണ് നടപടി. കർണാടക ബി.ജെ.പിയിലെ കുടുംബാധിപത്യത്തിനെതിരാണ് തന്റെ സ്ഥാനാർഥിത്വമെന്ന് വിശദീകരിക്കുന്ന ഈശ്വരപ്പ പാർട്ടിയിലെ എതിരാളിയായ ബി.എസ്. യെദിയൂരപ്പയെ ലക്ഷ്യമിട്ടാണ് ഗോദയിലിറങ്ങിയത്.
തന്റെ മകൻ കെ.ഇ. കന്ദേഷിന് ഹാവേരി സീറ്റ് നൽകാമെന്ന് വാക്കുനൽകിയ യെദിയൂരപ്പ ചതിച്ചതായും അദ്ദേഹത്തിന്റെ മക്കളെ താക്കോൽ സ്ഥാനങ്ങളിൽ നിയോഗിച്ചതായും കുറ്റപ്പെടുത്തിയിരുന്നു. യെദിയൂരപ്പയുടെ മൂത്തമകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗ സിറ്റിങ് എം.പിയും മറ്റൊരു മകൻ ബി.വൈ. വിജയേന്ദ്ര ശിക്കാരിപുര എം.എൽ.എയും ബി.ജെ.പി കർണാടക പ്രസിഡന്റുമാണ്. കർണാടക ബി.ജെ.പി അച്ഛന്റെയും മക്കളുടെയും പിടിയിലാണെന്നും ഹിന്ദുത്വ ആദർശത്തിനായി പ്രവർത്തിക്കുന്ന സി.ടി. രവി, പ്രതാപ് സിംഹ, അനന്ത്കുമാർ ഹെഗ്ഡെ അടക്കമുള്ള നേതാക്കളെ യെദിയൂരപ്പ ഇടപെട്ട് തഴഞ്ഞതായുമാണ് ഈശ്വരപ്പയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.