മഹാവികാസ് അഗാഡിയുടെ കരുത്ത് മനസ്സിലാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു -ഫഡ്‌നാവിസ്
text_fieldsമുംബൈ: മഹാവികാസ് അഗാഡി സഖ്യകക്ഷികളുടെ ശക്തി മനസ്സിലാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ ഫഡ്നാവിസ് രംഗത്ത് വന്നത്.
'ഈ വോട്ടെടുപ്പിൽ ശിവസേനയുടെയും എൻ.സി.പിയുടെയും കോൺഗ്രസിന്‍റെയും സംയുക്ത ശക്തിയെ തകർക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവരോട് കനത്ത പോരാട്ടം വേണ്ടിവരുമെന്ന് ഇപ്പോൾ ഞങ്ങൾക്കറിയാം. അടുത്ത തിരഞ്ഞെടുപ്പിനായി ഞങ്ങൾ മികച്ച തയ്യാറെടുപ്പുകൾ നടത്തും. വോട്ടെടുപ്പ് ഫലങ്ങൾ പാർട്ടി വിശകലനം ചെയ്യും' -അദ്ദേഹം പറഞ്ഞു.
ഇത്തവണ എം.എൽ.സി തെരഞ്ഞെടുപ്പിനായി സംസ്ഥാന ഭരണകൂടം വോട്ടർമാരെ ചേർത്തിയിരുന്നു. എന്നാൽ ഫോമുകൾ യഥാസമയം സമർപ്പിച്ചിട്ടും എന്‍റെ കുടുംബത്തിലെ ചിലരുടെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല -ഫഡ്നാവിസ് പറഞ്ഞു.
'ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഉണ്ടെങ്കിലും അവർക്ക് ജയിക്കാനായില്ല. തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ കോൺഗ്രസിനും എൻ.സി.പിക്കും സേനയേക്കാൾ കൂടുതൽ ഗുണം ചെയ്തു. പാർട്ടി ഇതിനെക്കുറിച്ച് ചിന്തിക്കണം' എന്നും അദ്ദേഹം ശിവസേനയെ പരിഹസിച്ചു.
മഹാരാഷ് ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ആർ.എസ് .എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ് പൂരിൽ ബി.ജെ.പി സ്ഥാനാർഥി തോറ്റിരുന്നു. കോൺഗ്രസ് സ്ഥാനാർഥി അഭിജിത് വാൻജാരിയാണ് നാഗ് പൂരിൽ ബി.ജെ.പിയെ തകർത്തത് .
18,710 വോട്ടിൻെറ ഭൂരിപക്ഷത്തിലായിരുന്നു വിജയം. വാൻജാരി 61,701 വോട്ടുകൾ നേടിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി സന്ദീപ് ജോഷിക്ക് 42,991 വോട്ടുകൾ മാത്രമാണ് ലഭിച്ചത് . കേന്ദ്രമന്ത്രി നിതിൻ ഗഡ് കരിയുടെ തട്ടകമെന്ന് അറിയപ്പെടുന്ന നാഗ് പൂർ ബി.ജെ.പിയുടെ ശക് തികേന്ദ്രങ്ങളിലൊന്നാണ്.
നിയമസഭ കൗൺസിലേക്കുള്ള ആറ് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒരെണ്ണത്തിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. മഹാവികാസ് അഗാഡി നാല് സീറ്റുകളിൽ വിജയിച്ചു. ഒരു സ്വതന്ത്രനും ജയിച്ചു. ഔറംഗാബാദ് ഡിവിഷനിൽ എൻ.സി.പി സ്ഥാനാർഥി സതീഷ് ചവാനും പൂണെയിൽ എൻ.സി.പിയുടെ അരുൺ ലാഡും ജയിച്ചു. ധുലെ-നന്ദുർബറിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.