മണിപ്പൂരിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബി.ജെ.പി; ചർച്ച തുടരുന്നു
text_fieldsഎൻ. ബിരേൻ സിങ്
ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിയെതുടർന്നുള്ള രാഷ്ട്രീയ ചർച്ചകൾ സജീവമായി നടക്കുന്നതിനിടെ, ഇംഫാലിൽ തമ്പടിച്ച ബി.ജെ.പി നേതാവ് സംബിത് പത്ര സംസ്ഥാന പ്രസിഡന്റ് എ. ശാരദ ദേവിക്കൊപ്പം ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ടു. രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. വിദ്യാഭ്യാസമന്ത്രി ബസന്ത കുമാർ സിങ്, എൻ.പി.എഫ് മണിപ്പൂർ പ്രസിഡന്റ് അവാങ്ബൗ ന്യൂമായ്, ജെ.ഡി (യു) എം.എൽ.എ നസീർ എന്നിവരും ഒപ്പമുണ്ടായിരുന്നു. അരമണിക്കൂർ നീണ്ട ചർച്ചയുടെ വിശദാംശം ലഭ്യമായിട്ടില്ല.
പുതിയ മുഖ്യമന്ത്രിയുടെ കാര്യം ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ബി.ജെ.പി എം.പിമാരായ സപാം കെബ, ഇബോംച എന്നിവർ പറഞ്ഞു. ഇരുവരും സംബിത് പത്രയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഇംഫാലിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് തങ്ങൾ അഭ്യർഥിച്ചതായി അവർ പറഞ്ഞു. എം.എൽ.എമാരുമായുള്ള പത്രയുടെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയാരാകണമെന്ന കാര്യമല്ല പ്രധാന ചർച്ച, മറിച്ച് സംസ്ഥാനത്തെ സമാധാന പുനഃസ്ഥാപനമാണെന്ന് ബി.ജെ.പി വൃത്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
തിങ്കളാഴ്ച പത്ര സുരക്ഷ ഉപദേഷ്ടാവ് കുൽദീപ് സിങ്ങിനെയും ഗിരിമേഖല സമിതി ചെയർമാൻ ഡി. ഗംഗ് മെയിയെയും വെവ്വേറെ കണ്ടിരുന്നു. അതിനിടെ, ബുധനാഴ്ച മണിപ്പൂർ എം.എൽ.എമാരുടെ യോഗം ഡൽഹിയിൽ നടക്കുമെന്നും വാർത്തയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിവരമൊന്നുമില്ലെന്നാണ് ഒരു സാമാജികൻ പ്രതികരിച്ചത്.
നിലവിലെ നിയമസഭ സ്പീക്കർ തോക്ചോം സത്യബ്രത സിങ്, ബിഷ്ണുപുർ ജില്ലയിലെ നാംബോൽ മണ്ഡലത്തിൽനിന്ന് നാലുതവണ എം.എൽ.എയായ വിദ്യാഭ്യാസ മന്ത്രി ബസന്ത കുമാർ സിങ്, റിട്ട. ഐ.പി.എസുകാരനും ബി.ജെ.പി എം.എൽ.എയുമായ രാധേശ്യാം സിങ്, മുൻ സ്പീക്കറും ഇപ്പോൾ മന്ത്രിയുമായ യുംമ്നാം ഖേംചന്ദ് സിങ്, വനം മന്ത്രി ബിശ്വജിത് സിങ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് കേൾക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ചില ഗ്രൂപ്പുകൾ അക്രമത്തിന് ശ്രമിക്കുമെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സൗഹാർദാന്തരീക്ഷം തകർക്കുന്ന നടപടികളിലേക്ക് പോകരുതെന്നും ചീഫ് സെക്രട്ടറി പി.കെ. സിങ് പ്രസ്താവനയിൽ പറഞ്ഞു.
ഗവർണറുടെ ഉത്തരവ് ഭരണഘടന വിരുദ്ധം- കെയ്ഷാം മേഘചന്ദ്ര
ഇംഫാൽ: മണിപ്പൂർ നിയമസഭയുടെ ഏഴാം സമ്മേളനം റദ്ദാക്കിയ ഗവർണർ അജയ് കുമാർ ഭല്ലയുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെയ്ഷാം മേഘചന്ദ്ര. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് എൻ. ബിരേൻ സിങ് രാജിവെച്ചതിനുശേഷം നിയമസഭ സമ്മേളനം വിളിക്കാനുള്ള അദ്ദേഹത്തിന്‍റെ മുൻ നിർദേശം റദ്ദാക്കി ഗവർണർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സംസ്ഥാനം ഭരണഘടന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണെങ്കിൽ ശക്തമായി എതിർക്കുമെന്നും മേഘചന്ദ്ര ‘എക്സി’ൽ കുറിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.