ബി.ജെ.പിക്ക് ഉള്‍ഭയം, പ്രതിപക്ഷത്ത് ഭിന്നത; ജനം പെരുവഴിയില്‍
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതു മൂലമുള്ള ജനക്ളേശം യു.പി, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ഉള്‍ഭയം ബി.ജെ.പിക്ക്. ഒരു മാസം നീണ്ട പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ണമായും സ്തംഭിപ്പിച്ചതൊഴിച്ചാല്‍, പ്രതിപക്ഷത്ത് ഭിന്നത. രണ്ടു കൂട്ടര്‍ക്കുമിടയില്‍ ഒന്നര മാസമായി ജനം പെരുവഴിയിലെ ക്യൂവില്‍.
ഒരു മാസത്തിനകം കര്‍ഷക സംസ്ഥാനങ്ങളായ യു.പിയിലും പഞ്ചാബിലും അടക്കം അഞ്ചിടത്ത് നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും. പണഞെരുക്കം വോട്ടെടുപ്പില്‍ തിരിച്ചടിക്കുമെന്ന ആശങ്ക ബി.ജെ.പി നേതൃയോഗത്തില്‍ എം.പിമാര്‍ പ്രകടിപ്പിച്ചു. ആദ്യത്തെ ആവേശം ചോര്‍ന്നുവെന്നും തൊഴിലും വരുമാനവും നഷ്ടപ്പെട്ട മാന്ദ്യസ്ഥിതി മാരകമായി പരിക്കേല്‍പിക്കാമെന്നുമുള്ള ഭീതി പ്രകടിപ്പിച്ച അവരോട്, ഇതിന്‍െറ നേട്ടങ്ങളെക്കുറിച്ച് വ്യാപക പ്രചാരണത്തിന് ഇറങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നിര്‍ദേശം.
സര്‍ക്കാറും ബി.ജെ.പിയും പ്രശ്നക്കുരുക്കിലാണെങ്കിലൂം അതു രാഷ്ട്രീയമായി മുതലാക്കാന്‍ കഴിയാതെ ഭിന്നിച്ച അവസ്ഥയിലാണ് പ്രതിപക്ഷം. പാര്‍ലമെന്‍റ് തുടര്‍ച്ചയായി സ്തംഭിപ്പിച്ചെങ്കിലും ജനകീയ പ്രശ്നം ഫലപ്രദമായി ഏറ്റെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല. നോട്ട് അസാധുവാക്കല്‍ റദ്ദാക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ആവശ്യത്തില്‍ തുടങ്ങി, ചര്‍ച്ചക്ക് സര്‍ക്കാര്‍ സമ്മതിക്കുന്നില്ളെന്ന പരിദേവനം മാത്രമായി പാര്‍ലമെന്‍റിലെ പ്രതിഷേധം അവസാനിച്ചു. പ്രതിപക്ഷനിര പല തട്ടില്‍ കളിച്ചപ്പോള്‍ സര്‍ക്കാറിന് തലയൂരല്‍ എളുപ്പമായി.
രാഷ്ട്രപതിയോട് തൃണമൂലും ആം ആദ്മി പാര്‍ട്ടിയും തുടക്കത്തില്‍ പരാതി പറയാന്‍ പോയപ്പോള്‍ ഒരുകൂട്ടം പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നെങ്കില്‍ പാര്‍ലമെന്‍റ് സമ്മേളന സമാപന ദിവസം രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയ കോണ്‍ഗ്രസ്, തൃണമൂല്‍, ജെ.ഡി.യു കക്ഷികള്‍ക്കൊപ്പം ഇടതും സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികളും സഹകരിച്ചില്ല. ഇടക്ക് ഗാന്ധിപ്രതിമക്കു മുമ്പില്‍ ധര്‍ണ നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുകൂടിയതു മുതല്‍ ഉണ്ടായിവന്ന സഹകരണം കോണ്‍ഗ്രസിന്‍െറ ഏകപക്ഷീയ നീക്കത്തില്‍ തട്ടിയാണ് തകര്‍ന്നത്.
സര്‍ക്കാറിനെതിരെ രോഷം പ്രകടിപ്പിക്കുമ്പോള്‍ തന്നെയാണ് വെള്ളിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം പ്രധാനമന്ത്രിയെ കണ്ട് കര്‍ഷകപ്രശ്നത്തില്‍ നിവേദനം നല്‍കിയത്. സെപ്റ്റംബറില്‍ രാഹുല്‍ ഗാന്ധി യു.പിയില്‍ നടത്തിയ കാര്‍ഷിക യാത്രയുടെ തുടര്‍ച്ചയായുള്ള നിവേദനം യു.പി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നതിന്‍െറ ഭാഗമായിരുന്നു. യു.പിയിലെ പ്രധാന കക്ഷികളായ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന്‍ യാത്രയില്‍നിന്ന് വിട്ടുനിന്നു. തൃണമൂലിനൊപ്പം സമരം ചെയ്യാന്‍ പറ്റാത്ത സി.പി.എമ്മിന് പ്രതിപക്ഷസംഘത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അത് വീണുകിട്ടിയ അവസരമായി.
കള്ളപ്പണം മുതല്‍ ഡിജിറ്റല്‍ പേമെന്‍റ് വരെയുള്ള വിഷയങ്ങളിലേക്ക് തിരിച്ചുവിട്ട് പണഞെരുക്കം മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ജനങ്ങളുടെ ദുരിതവും സര്‍ക്കാര്‍ തീരുമാനങ്ങളിലെ പിഴവുകളും തുറന്നുകാട്ടാന്‍ ഐക്യമില്ലാത്ത പ്രതിപക്ഷത്തിന് സാധിച്ചില്ല. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ രാജ്യമെമ്പാടും തുടങ്ങിയ ക്യൂവും നോട്ടുറേഷന്‍ സമ്പ്രദായവും ശീതകാല സമ്മേളനം അവസാനിച്ച് എം.പിമാര്‍ പിരിഞ്ഞുപോകുമ്പോഴും അനന്തമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.