സന്ദേശ്ഖാലി ഇര ബി.ജെ.പി സ്ഥാനാർഥി
text_fieldsകൊൽക്കത്ത: സന്ദേശ്ഖാലിയിൽ പീഡനത്തിനിരയായ സ്ത്രീകളിലൊരാൾ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരരംഗത്ത്. അതേസമയം, ഇവർക്കെതിരെ പ്രദേശത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
അറസ്റ്റിലായ ടി.എം.സി നേതാക്കളായ ഷാജഹാൻ ഷെയ്ഖും കൂട്ടാളികളും ക്രൂരതക്കിരയാക്കിയെന്നാണ് പ്രദേശത്തെ സ്ത്രീകൾ പരാതി ഉന്നയിച്ചത്. ഇയാളെ പിന്നീട് ടി.എം.സി സസ്പെൻഡ് ചെയ്തിരുന്നു. ബസീർഹത് മണ്ഡലത്തിൽനിന്നാണ് രേഖ പത്ര മത്സരിക്കുക. ഈ മണ്ഡലത്തിെന്റ ഭാഗമാണ് സന്ദേശ്ഖാലി.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ, ‘രേഖയെ സ്ഥാനാർഥിയായി വേണ്ട; രേഖ പത്രയെ ബി.ജെ.പി സ്ഥാനാർഥിയായി വേണ്ട’ തുടങ്ങിയ പോസ്റ്ററുകളാണ് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, തങ്ങൾ ചെയ്തതല്ലെന്നും ടി.എം.സിയുടെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് ഇതെന്നും പ്രാദേശിക ബി.ജെ.പി നേതാവ് പറഞ്ഞു. പത്ര ഇതുവരെ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നിട്ടില്ല.
ബി.ജെ.ഡി മുൻ എം.എൽ.എ പാർട്ടി വിട്ടു
ഭുവനേശ്വർ: നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഡിഷയിൽ മുൻ എം.എൽ.എ പൂർണചന്ദ്ര സേഥി ഭരണകക്ഷിയായ ബിജു ജനതാദളിൽനിന്ന് രാജിവെച്ചു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് അദ്ദേഹം രാജിക്കത്തയച്ചു. പാർട്ടിയിൽനിന്ന് നേരിട്ട അവഗണനയാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ദലിത് നേതാവായ സേഥി ഗഞ്ചം ജില്ലയിലെ ഖല്ലിക്കോട്ടെ സീറ്റിൽ നിന്ന് രണ്ടുതവണ എം.എൽ.എയായിട്ടുണ്ട്.
സിക്കിം: മുഖ്യനും ഭാര്യക്കും സീറ്റ്
ഗാങ്ടോക്: സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് സംസ്ഥാനത്ത് രണ്ടു നിയമസഭ മണ്ഡലങ്ങളിൽ മത്സരിക്കും. തമാങ്ങിന്റെ ഭാര്യ കൃഷ്ണകുമാരി റായ് നാംചി-സിംഘിതാങ് സീറ്റിൽ പ്രതിപക്ഷമായ എസ്.ഡി.എഫിന്റെ പ്രസിഡന്റ് പവൻ കുമാർ ചാംലിങ്ങുമായി ഏറ്റുമുട്ടും.
ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) ആകെയുള്ള 32 നിയമസഭ സീറ്റുകളിലേക്കും സംസ്ഥാനത്തെ ഏക ലോക്സഭ സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ സ്പീക്കർ അരുൺകുമാർ ഉപ്രേതി അരിതാങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഒമ്പതു മന്ത്രിമാർക്ക് എസ്.കെ.എം വീണ്ടും ടിക്കറ്റ് നൽകി. രണ്ടുപേർക്ക് സീറ്റില്ല. ബി.ജെ.പി വിട്ടുവന്ന മൂന്നുപേർക്ക് എസ്.കെ.എം ടിക്കറ്റ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.