ടോളിവുഡിൽനിന്ന് ആളെ അടർത്താൻ ബി.ജെ.പി; പിടിച്ചുനിർത്തി തൃണമൂലും
text_fieldsകൊൽക്കത്ത: തുടർച്ചയായി മൂന്നാം തവണയും വിജയമുറപ്പിക്കാൻ തൃണമൂൽ കോൺഗ്രസും മറിച്ചിട്ട് അധികാരം പിടിക്കാൻ ബി.ജെ.പിയും നടത്തുന്ന പോർവിളിയിൽ ബംഗാളി സിനിമാലോകവും ഇളകുന്നു.
ഒരുപതിറ്റാണ്ടായി തൃണമൂലിന് സ്വാധീനമുള്ള 'ടോളിവുഡിൽ'നിന്ന് ആവുന്നത്ര ചലച്ചിത്ര പ്രവർത്തകരെ ഒപ്പം കൂട്ടാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾ ഒരളവോളം ഫലിക്കുന്നുമുണ്ട്. ബംഗാളി മനസ്സിൽ ഇടംനേടിയ കലാകാരുടെ സാന്നിധ്യം വഴി പുറമെനിന്നുള്ള പാർട്ടി എന്ന പരിവേഷം മാറ്റിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണവർ.
തൃണമൂൽ കോൺഗ്രസ് വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ ഒരുപറ്റം ചലച്ചിത്ര പ്രവർത്തകർക്ക് ഇടംനൽകിയിട്ടുണ്ട്. ബി.ജെ.പിയും നടീനടൻമാരുടെ പിന്നാലെയുണ്ട്. ഉയർന്ന രാഷ്ട്രീയബോധം പുലർത്തുന്ന ബംഗാളിജനതയുടെ പിന്തുണ ഒന്നാകെ സ്വന്തമാക്കാൻ സിനിമാതാരങ്ങളെക്കൊണ്ടാവില്ല. എന്നാൽ, ഗ്രാമീണമേഖലകളിൽ ഇവർക്ക് സ്വാധീനം ചെലുത്താനാകുമെന്നാണ് വിലയിരുത്തൽ. തൃണമൂൽ ഭരണം ടോളിവുഡിൽ അരാജകത്വം സൃഷ്ടിച്ചുവെന്നും അതിനെ മറികടക്കാൻ നടീനടൻമാർ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറയുന്നു. എന്നാൽ, ബി.ജെ.പി സിനിമാരംഗത്ത് ഭിന്നിപ്പിന് ശ്രമിക്കുകയാണെന്ന് പറഞ്ഞ മന്ത്രി അരൂപ് ബിസ്വാസ് രാഷ്്ട്രീയനിറം നോക്കാതെ കലാകാരുടെയും സാങ്കേതിക പ്രവർത്തകരുടെയും ക്ഷേമം തൃണമൂൽ ഉറപ്പാക്കിയെന്നും കൂട്ടിച്ചേർത്തു.
നിശ്ശബ്ദ സിനിമാ കാലം മുതലേ വ്യക്തമായ രാഷ്ട്രീയം പുലർത്തിപ്പോന്ന ബംഗാളി സിനിമാലോകത്തെ പ്രമുഖരിൽ പലരും സ്വാതന്ത്ര്യപ്പോരാട്ടത്തിൽ പങ്കാളികളായിരുന്നു. അമ്പതുകളുടെ അവസാനംവരെ കോൺഗ്രസിനൊപ്പംനിന്ന ടോളിവുഡ്, ഋതിക് ഖട്ടക്, മൃണാൾ സെൻ, സത്യജിത് റായ്, ഉത്പൽ ദത്ത, സൗമിത്ര ചട്ടോപാധ്യായ തുടങ്ങിയവരുടെ വരവോടെയാണ് ഇടതുപക്ഷം ചേർന്നത്. 34 വർഷം നീണ്ട ഇടതുഭരണം സിനിമാക്കാരെയും ബുദ്ധിജീവികളെയും വിടാതെ കൂടെ നിർത്തിയിരുന്നു. സിംഗൂരിലും നന്ദിഗ്രാമിലും വൻ വ്യവസായികൾക്കായി കർഷകരെ കുടിയിറക്കിയ നടപടിയോടെയാണ് കലാസാംസ്കാരിക പ്രവർത്തകരിൽ അധികപേരും ഇടതുമുന്നണിയെ കൈയൊഴിഞ്ഞ് മമതക്കും തൃണമൂലിനും പിന്തുണ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.