ജോഡോ യാത്ര സമാപനത്തിലെ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര സമാപന സമ്മേളനത്തിലെ 'ശക്തി' പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി ബി.ജെ.പി. നമ്മുടെ പോരാട്ടം ഒരു 'ശക്തി'ക്കെതിരേയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇത് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്നും 'നാരീ ശക്തി'യെ അവഹേളിക്കുന്നതാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
'ഹിന്ദുമതത്തിൽ ഏറ്റവും ആദരിക്കപ്പെടുന്ന ദേവതയാണ് ദുർഗാ ദേവി. ദുർഗാ ദേവിയെ 'ശക്തി'യായും സങ്കൽപ്പിക്കുന്നു. ഹിന്ദുമതത്തിനും ഹിന്ദു ദൈവങ്ങൾക്കും എതിരെയുള്ള ഈ നിന്ദ്യമായ പ്രസ്താവന മതവികാരം ആഴത്തിൽ വ്രണപ്പെടുത്തുന്നതാണ്. 'ശക്തി'ക്ക് പിന്നിലെ മതപരമായ സങ്കൽപ്പത്തെ അവഹേളിക്കാനും മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനുമാണ് ഈ പ്രസ്താവന' -ബി.ജെ.പിയുടെ പരാതിയിൽ പറയുന്നു.
നേരത്തെ, രാഹുലിന്‍റെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. 'നാരീശക്തി'യെ തകര്‍ക്കാനാണ് ഇന്ത്യമുന്നണിയുടെ ശ്രമമെന്നാണ് തെലങ്കാനയില്‍ മോദി പ്രസംഗിച്ചത്. 'ശക്തി'യെ ആക്രമിക്കുന്നത് സ്ത്രീശക്തിയെ ആക്രമിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ അമ്മമാരും പെണ്‍മക്കളും ഇന്ത്യമുന്നണിക്ക് ഇതിനുള്ള മറുപടി നല്‍കുമെന്നും മോദി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ, തന്റെ വാക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വളച്ചൊടിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ പറഞ്ഞത് ഭരണഘടനാ സ്ഥാപനങ്ങളേയടക്കം കീഴടക്കിവെച്ചിരിക്കുന്ന ശക്തിയേക്കുറിച്ചാണ്. അത് മോദിയാണ്. ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം അദ്ദേഹത്തിന് നല്ല രീതിയില്‍ മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് മോദി ഇതിനെ വളച്ചൊടിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സി.ബി.ഐ, ഇ.ഡി, ആദായ നികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും മോദി കീഴടക്കിവെച്ചിരിക്കുകയാണ്. ഇതിനെയാണ് ശക്തിയെന്ന രീതിയില്‍ താന്‍ പരാമര്‍ശിച്ചതെന്നും രാഹുല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.