എ.എ.പി സർക്കാരിന്‍റെ വികസനം സ്തംഭിപ്പിക്കാൻ ബി.ജെ.പി ശ്രമം - മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി സർക്കാരിന്‍റെ എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി നിസ്സാര പരാതികളുമായി രംഗത്തുവന്നിരിക്കുന്നതെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബി.ജെ.പിക്ക് അനുകൂലമായി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേന നിയമത്തെ പൊളിച്ചടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് വ്യാപന സമയത്ത് ഡൽഹിയിലെ ഏഴ് താൽക്കാലിക ആശുപത്രികളുടെ നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ലഫ്റ്റനന്റ് ഗവർണർ അഴിമതി വിരുദ്ധ ബ്രാഞ്ചിന് അനുമതി നൽകിയതിന് പിന്നാലെയാണ് സിസോദിയയുടെ പ്രതികരണം. ബി.ജെ.പി നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി അഴിമതി വിരുദ്ധ ബ്രാഞ്ചിന് അനുമതി നൽകാൻ വേണ്ടി സക്സേന എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും മാറ്റിമറിച്ചെന്ന് സിസോദിയ ആരോപിച്ചു.
ഞങ്ങളുടെത് സത്യസന്ധമായ സർക്കാരാണ്. അതിനാൽ ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല. ഡൽഹി സർക്കാർ വിവിധ മേഖലകളിലായി നടത്തുന്ന വികസന പദ്ധതികൾ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഇത്തരം വ്യാജ പരാതികൾ ഉയർത്തുന്നത്. മുൻ ലഫ്റ്റനന്റ് ഗവർണർ തള്ളികളഞ്ഞ പരാതിയാണിതെന്നും എന്നിട്ടും പുതിയ ലഫ്റ്റനന്റ് ഗവർണർ വിഷയം അന്വേഷിക്കാൻ അനുമതി നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിസ്സാരവും അടിസ്ഥാനരഹിതവുമാണെന്ന് മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ വിധിച്ച ഒരു വർഷം പഴക്കമുള്ള പരാതി ആരുടെ സമ്മർദത്തിന് പിന്നാലെയാണ് വീണ്ടും അന്വേഷിക്കാൻ പുതിയ എൽ.ജി അനുമതി നൽകിയതെന്നും അദ്ദേഹം ചോദിച്ചു. ദയവായി നടപടിക്രമങ്ങൾ പാലിക്കണമെന്നും സർക്കാർ പ്രവർത്തനങ്ങളിൽ തടസം സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.