മഹാരാഷ്ട്രയിൽ ബിഹാർ മോഡൽ വേണ്ട; ഫഡ്നാവിസ് മുഖ്യമന്ത്രിയായാൽ മതി -ഉറപ്പിച്ച് ബി.ജെ.പി, വഴങ്ങാതെ ഷിൻഡെ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ഉജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനത്തിലെത്താൻ മഹായുതി സഖ്യത്തിന് കഴിഞ്ഞില്ല. സഖ്യത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ബി.ജെ.പി ദേവേന്ദ്ര ഫഡ്നാവിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ഉറച്ച നിലപാടിലാണ്. കഴിഞ്ഞ തവണ മുഖ്യമന്ത്രി പദം വിട്ടുകൊടുത്ത പോലെയുള്ള ത്യാഗം ഇക്കുറി വേണ്ടെന്നാണ് പാർട്ടി നിലപാട്. എന്നാൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദം തുടരണമെന്നാണ് ശിവസേനയിൽ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. തർക്കമൊഴിവാക്കാൻ ബിഹാറിലെ പോലെ രണ്ടര വർഷം ശിവസേനക്കും അടുത്ത രണ്ടരവർഷം ബി.ജെ.പിക്കും മുഖ്യമന്ത്രിപദം വഹിക്കാമെന്ന ഫോർമുലയും അവർ മുന്നോട്ട് വെച്ചു. എന്നാൽ ബിഹാർ മോഡൽ വേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി.
ബിഹാറിൽ അതു നടക്കുമായിരിക്കും. മഹാരാഷ്ട്രയിൽ ആ ഫോർമുല വിജയിക്കില്ല എന്നാണ് ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ലയുടെ അഭിപ്രായം. ''ബിഹാറിൽ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി പച്ചക്കൊടി കാണിച്ചിരുന്നു.. മഹാരാഷ്ട്രയിൽ ഞങ്ങൾക്ക് ശക്തമായ സംഘടനാ അടിത്തറയും നേതൃത്വവും ഉള്ളതിനാൽ അത്തരമൊരു ധാരണക്ക് പ്രസക്തിയില്ല. മാത്രമല്ല, തിരഞ്ഞെടുപ്പിന് ശേഷവും ഷിൻഡെ മുഖ്യമന്ത്രിയായി തുടരാനുള്ള പ്രതിജ്ഞാബദ്ധത പാർട്ടി ഒരിക്കലും നൽകിയിട്ടില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് തിരഞ്ഞെടുപ്പിലുടനീളം നേതൃത്വം വ്യക്തമാക്കിയതുമാണ്''-ശുക്ല പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 132 ഉം ഷിൻഡെയുടെ ശിവസേനക്ക് 57ഉം അജിത് പവാറിന്റെ എൻ.സി.പിക്ക് 41ഉം സീറ്റുകളാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയാകണമെന്ന ഷിൻഡെയുടെ സമ്മർദം കണക്കിലെടുക്കേണ്ടതില്ലെന്ന നിലപാടുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്.
ഫഡ്നാവിസ് മുഖ്യമന്ത്രിയാകണമെന്ന തീരുമാനത്തെ അജിത് പവാറും പിന്തുണച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം അന്ത്യശാസനം നൽകിയിട്ടുണ്ട്. 2022ൽ ഷിൻഡെക്ക് വേണ്ടിയാണ് ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം വഴിമാറിക്കൊടുത്തത്. എന്നാൽ ഇത്തവണ അങ്ങനെയൊരു വിട്ടുവീഴ്ചക്ക് നേരിയ സാധ്യത പോലുമില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് വ്യക്തമാക്കി. അതിനാൽ, ഫഡ്നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കുന്ന തരത്തിൽ എത്രയും പെട്ടെന്നൊരു തീരുമാനമെടുക്കണമെന്നാണ് അണികൾക്ക് നേതൃത്വം നൽകിയ നിർദേശം. അതിനുപുറമെ, ഷിൻഡെക്ക് കാബിനറ്റിലെ നല്ല വകുപ്പുകൾ നൽകുന്നതിനൊപ്പം, കേന്ദ്രത്തിലും മികച്ച ചുമതല നൽകി അനുനയിപ്പിക്കാനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ടെന്നാണ് വിവരം.
അതേസമയം, വിലപേശലിനിടെ മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കൺവീനർ സ്ഥാനവും മകന് ഉപമുഖ്യമന്ത്രി സ്ഥാനവും ഷിൻഡെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. കല്യാണിൽ നിന്നുള്ള എം.പിയാണ് ഷിൻഡെയുടെ മകൻ ശ്രീകാന്ത്. ഈ നിർദേശം ബി.ജെ.പിയും ആർ.എസ്.എസും സ്വീകരിക്കാൻ സാധ്യതയുണ്ട്. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെ സ്പീക്കറാണ് ഇപ്പോൾ മഹാരാഷ്ട്ര സർക്കാറിനെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.