രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ ബി.ജെ.പി സമ്മർദം ചെലുത്തി; വെളിപ്പെടുത്തലുമായി അംബേദ്കറുടെ ചെറുമകൻ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമർശത്തിനെതിരെ പ്രതിഷേധം നടത്താൻ ബി.ജെ.പി സമീപിച്ചിരുന്നതായി ബി.ആർ. അംബേദ്കറിന്റെ ചെറുമകൻ രാജ് രത്നയുടെ വെളിപ്പെടുത്തൽ. രാഹുലിനെതിരെ പ്രതിഷേധം നടത്താൻ ചില ബി.ജെ.പി പ്രവർത്തകർ രണ്ടുദിവസം തന്നിൽ സമ്മർദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രാജ് രത്നയുടെ പരാമർശങ്ങളടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും സമൂഹത്തിന്റെ പണത്തിലാണ് തന്റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഞാൻ രാഹുൽ ഗാന്ധിയുടെ അനുഭാവിയല്ല. അതുപോലെ കോൺഗ്രസിന്റെ അനുയായിയും അല്ല. ഈ വിഷയത്തിൽ ഞാൻ എന്തിന് രാഹുലിനെ എതിർക്കണം? എന്നെ സംബന്ധിച്ച് കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണ്. എന്തടിസ്ഥാനത്തിലാണ് ഒരാൾ പ്രതിഷേധം നടത്തേണ്ടത് എന്നതിൽ വ്യക്തത വേണം.-രാജ് രത്ന പറഞ്ഞു. രാജ് രത്നയുടെ വിഡിയോ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
'ഇദ്ദേഹം ബാബാ സാഹെബിൻ്റെ കൊച്ചുമകനാണ്- ഡോ. രാജ്‌രത്‌ന അംബേദ്കർ. സംവരണത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബിജെപി സമ്മർദത്തിലാക്കിയത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. എന്നാൽ യഥാർഥ അംബേദ്കറൈറ്റ് ആയതിനാൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ അദ്ദേഹം തെറ്റൊന്നും കണ്ടില്ല. രാഹുൽ ഗാന്ധി 50 ശതമാനം സംവരണ പരിധി അവസാനിപ്പിക്കും'- അവർ എക്സിൽ കുറിച്ചു.
യു.എസ് സന്ദർശനത്തിനിടെയാണ് രാഹുൽ സംവരണത്തെകുറിച്ച് പരാമർശിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാർക്ക് തുല്യ അവസരങ്ങൾ നൽകുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ ഇന്ത്യക്ക് സംവരണം നിർത്തലാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയൂ എന്നായിരുന്നു രാഹുൽ പറഞ്ഞത്. വിദേശ മണ്ണിൽ ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി രാഹുലിനെതിരെ രംഗത്തുവരികയായിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പം നിൽക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.