ബി.ജെ.പി ഡൽഹിക്ക് നൽകിയത് മൂന്ന് മാലിന്യ മലകൾ -ആഞ്ഞടിച്ച് ആംആദ്മി പാർട്ടി
text_fieldsഡൽഹി: ബി.ജെ.പി ഭരിക്കുന്ന എം.സി.ഡി (ഡൽഹി മുൻസിപ്പൽ കോർപറേഷൻ) ദേശീയ തലസ്ഥാനത്തെ അശുദ്ധമാക്കിയതായി ആംആദ്മി പാർട്ടി. കഴിഞ്ഞ 15 വർഷത്തിനിടെ അവർ ഡൽഹിക്ക് മൂന്ന് മാലിന്യ മലകൾ നൽകിയതായും മാലിന്യ സംസ്കരണം അവതാളത്തിലാണെന്നും ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. സെപ്തംബർ 14 മുതൽ ഒക്ടോബർ 14 വരെ 'മാലിന്യ വിരുദ്ധ കാമ്പയിൻ' നടത്തുമെന്ന് പാർട്ടി നേതാക്കളായ ഗോപാൽ റായ്, സൗരഭ് ഭരദ്വാജ്, അതിഷി മർലീന എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
'ബി.ജെ.പി ഭരിക്കുന്ന ഡൽഹി മുൻസിപ്പൽ കോർപറേഷൻ 15 വർഷത്തിനിടെ ഡൽഹിക്ക് മൂന്ന് മാലിന്യ മലകളാണ് നൽകിയത്. ഒന്നുകിൽ ബി.ജെ.പി ഡൽഹിയിലെ മാലിന്യം നീക്കം ചെയ്യണം. അല്ലെങ്കിൽ സ്വയം പുറത്തു പോകണം' -റായ് പറഞ്ഞു. ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചത് സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'വിവിധ ഭാഗങ്ങളായാവും കാമ്പയിൻ നടക്കുക. ഭൽസ്വയിൽ 90 ലക്ഷം ടൺ മാലിന്യമാണുള്ളത്. പ്രതിദിനം 4,000 ടൺ മാലിന്യം ആ സൈറ്റിലേക്ക് വരുന്നുണ്ട്. അതിൽ 2,500 ടൺ മാത്രമേ സംസ്കരിക്കപ്പെടുന്നുള്ളൂ. ഗാസിപൂരിൽ 1.5 ലക്ഷം ടൺ മാലിന്യം ഇപ്പോഴുമുണ്ട്. പ്രതിദിനം 5,000 ടൺ വരുന്നു, അതിൽ 2,500 ടൺ മാത്രമേ സംസ്കരിക്കപ്പെടുന്നുള്ളൂ. ഓഖ്‌ലയിൽ 60 ലക്ഷം ടൺ മാലിന്യമാണ് തള്ളിയിട്ടുള്ളത്. ഈ വേഗത തുടരുകയാണെങ്കിൽ, അടുത്ത 27 വർഷത്തിനുള്ളിൽ ഡൽഹിക്ക് ഇതിൽ നിന്ന് മുക്തി നേടാനാവില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.
'ഡൽഹി ദേശീയ തലസ്ഥാനമാണ്. ബി.ജെ.പി തന്നെ നടത്തിയ ശുചീകരണ സർവേയിൽ ഡൽഹി അവസാന സ്ഥാനത്താണ്. ബി.ജെ.പിയെ തുറന്നുകാട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഈ വിഷയത്തിൽ ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നത്' - അതിഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.