കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി; ഇലക്ടറൽ ബോണ്ട് സംഭാവനയിൽ വീണ്ടും ബി.ജെ.പി മുന്നിൽ
text_fieldsന്യൂഡൽഹി: കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ നൽകാവുന്ന സംഭാവനയായ ഇലക്ടറൽ ബോണ്ടുകൾ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്ക്. 2022-23ൽ 1300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കോൺഗ്രസിന് സംഭാവന വൻതോതിൽ കുറയുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബി.ജെ.പിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021-22 വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ച മൊത്തം സംഭാവന 1775 കോടി രൂപയായിരുന്നു. അതേവർഷം വർഷത്തിൽ 1917 കോടി രൂപയായിരുന്ന പാർട്ടിയുടെ മൊത്ത വരുമാനം 2022-23ൽ 2360.8 കോടി രൂപയായി. അതേസമയം, 2021-22 വർഷത്തിൽ 236 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽനിന്ന് സമാഹരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. സമാജ്വാദി പാർട്ടിക്ക് 2022-23 ൽ ബോണ്ടുകളിൽ സംഭാവന ലഭിച്ചില്ല. തെലുഗുദേശം പാർട്ടിക്ക് മുൻ വർഷത്തേക്കാൾ പത്തിരട്ടി തുക കിട്ടി. 2021-22ൽ 135 കോടി രൂപയാണ് ബി.ജെ.പിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വർഷം പലിശ 237 കോടി രൂപയായി ഉയർന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബി.ജെ.പി 78.2 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.