യു.പിയിൽ പകുതിയിലധികം ഹിന്ദു വോട്ടുകളും ബി.ജെ.പിക്ക്
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പകുതിയിലധികം ഹിന്ദു വോട്ടർമാരുടെ പിന്തുണ ബി.ജെ.പിക്ക് ലഭിച്ചപ്പോൾ മൂന്നിൽ രണ്ട് മുസ്ലിം വോട്ടർമാർ സമാജ്വാദി പാർട്ടിക്കൊപ്പം നിന്നതായി സർവേ. 2017ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുസ്ലിം വോട്ടർമാർക്കിടയിൽ ബി.ജെ.പിയുടെ പിന്തുണയിൽ നേരിയ വർധനയുണ്ടായതായും ലോക് നീതി-സി.എസ്.ഡി.എസ് സർവേ പറയുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിക്ക് 26 ശതമാനം ഹിന്ദു വോട്ടർമാരുടെ പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 18 ശതമാനമായിരുന്നു.
ബി.ജെ.പിക്കുള്ള ഹിന്ദു വോട്ടർമാരുടെ പിന്തുണ 2017ലെ 47 ശതമാനത്തിൽനിന്ന് 54 ലേക്ക് ഉയർന്നതായി സർവേ പറയുന്നു. 14 ശതമാനം ഹിന്ദു വോട്ടർമാർ ബി.എസ്.പിയെ പിന്തുണച്ചപ്പോൾ രണ്ട് ശതമാനം പിന്തുണ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 2017ലെ 46ൽനിന്ന് 79 ശതമാനത്തിലേക്ക് മുസ്ലിം വോട്ടർമാരുടെ പിന്തുണ ഉറപ്പിക്കാൻ എസ്.പിക്കായി. 273 എൻ.ഡി.എ എം.എൽ.എമാരിൽ ഒരാൾ പോലും മുസ്ലിം ഇല്ലെങ്കിലും എട്ട് ശതമാനം മുസ്ലിം വോട്ടർമാർ ബി.ജെ.പിയെ പിന്തുണച്ചു. 2017നെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധന. കഴിഞ്ഞ തവണ ലഭിച്ച 19 ശതമാനം മുസ്ലിം വോട്ടർമാരുടെ പിന്തുണ കുത്തനെ ഇടിഞ്ഞ് ആറായത് ബി.എസ്.പിക്ക് അങ്ങേയറ്റം ക്ഷീണമായി. കോൺഗ്രസിനുണ്ടായിരുന്ന 19 ശതമാനം മുസ്ലിം പിന്തുണ മൂന്നായും ഇടിഞ്ഞു. 34 മുസ്ലിം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഒമ്പത് കൂടുതൽ. വിജയിച്ചവരിൽ 31 പേരും സമാജ്വാദി പാർട്ടിക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.