ഗ്യാൻവാപി മസ്ജിദ്: ബി.ജെ.പി വിദ്വേഷ കലണ്ടറുമായി രംഗത്ത് വന്നിരിക്കുകയാണെന്ന് അഖിലേഷ് യാദവ്
text_fieldsലക്നൗ: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഭാരതീയ ജനതാ പാർട്ടി(ബി.ജെ.പി) ക്കെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിക്ക് അവരുടേതായ വിദ്വേഷ കലണ്ടർ ഉണ്ടെന്നും തെരഞ്ഞെടുപ്പ് വരെ അവരിതുപോലുള്ള വിഷയങ്ങളുമായി രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
''ബി.ജെ.പി ഗ്യാൻവാപി പോലുള്ള വിഷയങ്ങൾ മനപൂർവം ഇളക്കി വിടുകയാണ്. ഇന്ധനത്തിന്‍റെയും അവശ്യസാധനങ്ങളുടേയും വില കുതിച്ചുയരുകയാണ്. അവർക്ക് പണപ്പെരുപ്പത്തെക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ഒന്നും പറയാനില്ല. ബി.ജെ.പിക്ക് അവരുടേതായ ഒരു വിദ്വേഷ കലണ്ടറുണ്ട്. തിരഞ്ഞെടുപ്പ് വരെ അവർ ഇത്തരം വിഷയങ്ങളുമായി രംഗത്തുവരും'' -അഖിലേഷ് പറഞ്ഞു. ഇത്തരം വിഷയങ്ങൾ ഉയർത്തികാട്ടുന്നതിലൂടെ യഥാർഥ പ്രശനങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും തങ്ങളുടെ തെറ്റുകൾ മറച്ചു പിടിക്കാനുമാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അഖിലേഷ് ആരോപിച്ചു.
ഇത്തരം സംവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ രാജ്യത്തിന്‍റെ ഏത് സ്വത്താണ് വിറ്റതെന്ന് നമ്മൾക്കറിയില്ല. 'ഒരു രാജ്യം ഒരു റേഷൻ' എന്നതാണ് ബി.ജെ.പി മുദ്രാവാക്യം. പക്ഷെ അവർ 'ഒരു രാജ്യം ഒരു ബിസിനസ്കാരൻ ' എന്നതിനുവേണ്ടി പ്രവർത്തിക്കുകയാണെന്ന് തോന്നുന്നു എന്നും ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ വിഡിയോ സർവേക്ക് നിയോഗിക്കപ്പെട്ട അഡ്വക്കറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി ചെവ്വാഴ്ച തൽസ്ഥാനത്തു നിന്നും നീക്കുകയും മറ്റ് രണ്ട് കമ്മീഷണർമാർക്ക് സർവെ സമർപ്പിക്കാൻ രണ്ടു ദിവസം സമയം നീട്ടി നൽകുകയും ചെയിതിരുന്നു. ഗ്യാൻവാപി പള്ളിയിലെ വുദുഖാനയിൽനിന്നും ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹരജിക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് മസ്ജിദിന്റെ ഒരു ഭാഗം മുദ്രവെക്കാൻ നേരത്തെ വാരണാസി കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ജലസംഭരണിയിലെ ഫൗണ്ടനെയാണ് ശിവലിംഗമായി ചിത്രീകരിക്കുന്നത് എന്നാണ് മസ്ജിദ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.