ബി.ജെ.പിക്ക് ഹിന്ദു-മുസ്ലിം വിവേചനമില്ല; മുത്തലാഖ് നിരോധിച്ചത് ഇന്ത്യൻ മണ്ണിൽ സ്ത്രീകൾ അപമാനിക്കപ്പെടാതിരിക്കാൻ - രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: ബി.ജെ.പിക്ക് ഹിന്ദു മുസ്ലിം വിവേചനമില്ലെന്നും മുത്തലാഖ് നിരോധിച്ചത് സ്ത്രീകൾക്കെതിരാണെന്ന് വ്യക്തമായതിനാലാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രേവ, സത്‌ന ജില്ലകളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസ് തുരുമ്പെടുത്ത ഇരുമ്പാണെന്നും ബി.ജെ.പി 24 കാരറ്റ് സ്വർണമാണെന്നും അദ്ദേഹം പറഞ്ഞു.
"എല്ലാവരും പറയുന്നത് ബി.ജെ.പി എപ്പോഴും ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കുറിച്ചാണ് സംസാരിക്കുന്നത് എന്നാണ്. ബി.ജെ.പിക്ക് ഹിന്ദുക്കളോടും മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും ജൂതന്മാരോടും വിവേചനമില്ല. എല്ലാവരും ഭാരതത്തിന്റെ മണ്ണിൽ പിറന്നവരാണ്. ഞങ്ങൾ അവരെ വേർതിരിവോടെ കാണില്ല. ബി.ജെ.പിക്കെതിരായ ശക്തമായ ആക്രമണം ആരംഭിച്ചത് മുത്തലാഖ് നിയമം നിർത്തലാക്കിയതോടെയാണ്. ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യനോ, പാഴ്സിയോ ജൂതരോ ആകട്ടെ, ബി.ജെ.പി അവരുടെ സഹോദരിമാരെ തുല്യതയോടെയാണ് പരിപാലിക്കുന്നത്. നമ്മുടെയും ബി.ജെ.പിയുടയും പാരമ്പര്യം സ്ത്രീകളെ ബഹുമാനിക്കുക എന്നതാണ്. ഏതെങ്കിലുമൊരു ആളെ വിവാഹം ചെയ്ത് അവർ മൂന്ന് വട്ടം തലാഖ് തലാഖ് തലാഖ് എന്ന് പറഞ്ഞാൽ അധികാരം നഷ്ടപ്പെട്ടാലും ബി.ജെ.പിക്ക് അത് കണ്ട് നിൽക്കാനാകില്ല. ഭാരതത്തിന്റെ മണ്ണിൽ സ്ത്രീകളെ അപമാനിക്കപ്പെടാൻ പാർട്ടി അനുവദിക്കില്ല", സിങ് പറഞ്ഞു.
മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് നിന്നും 25 കോടി ജനങ്ങളുടെ പട്ടിണി അകറ്റിയെന്നും ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സമ്പദ്ഘടനയെ 11-ാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു. 2026ഓടെ രാജ്യത്തിന്റെ സമ്പദ്ഘടന മൂന്നാം സ്ഥാനത്തെത്തും. 2047ഓടെ രാജ്യം വികസിതമാകും. 2070ഓടെ ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാരും ഇന്ത്യയെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിന് പിന്നാലെ റഷ്യ-ഉക്രൈൻ യുദ്ധം നാലര മണിക്കൂർ നിർത്തിവെച്ചു. ഖത്തറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയതന്ത്ര വിജയവും അദ്ദേഹം പരാമർശിച്ചു. അവിടെ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ മോദിയുടെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു. മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ പ്രധാന ശക്തിയായി മാറിയെന്നും ഇപ്പോൾ ആയുധങ്ങളും യുദ്ധവിമാനങ്ങളും നിർമിക്കുക മാത്രമല്ല, കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും അതുകൊണ്ടാണ് ബി.ജെ.പിയെ 14കാരറ്റ് സ്വർണമെന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാൻ കോൺഗ്രസിന് 50 വർഷം ഭരണം ലഭിച്ചിട്ടും സാധിച്ചില്ല.അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ടപ്പോൾ ദുരിതവും വേദനയും അനുഭവിച്ചിട്ടുണ്ട്. അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അതേ കോൺഗ്രസാണ് ഇന്ന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നതെന്നും കോൺഗ്രസ് തുരുമ്പെടുത്ത ഇരുമ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.