എൻ.ഡി.എ സഖ്യകക്ഷികൾക്ക് വിരുന്നൊരുക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ ബംഗളൂരു ഐക്യ സമ്മേളനത്തിന് പിന്നാലെ ഡൽഹിയിൽ എൻ.ഡി.എ സഖ്യകക്ഷികൾക്ക് അത്താഴവിരുന്നൊരുക്കി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്ത യോഗത്തിൽ 38 പാർട്ടികളുടെ നേതാക്കളാണ് എത്തിയത്. ഭൂരിഭാഗവും പാർലമെന്‍റിൽ പ്രാതിനിധ്യമില്ലാത്ത ചെറുപാർട്ടികൾ.
ബി.ജെ.പി സഖ്യമായ നാഷനൽ ഡെമോക്രാറ്റിക് അലയൻസിന്‍റെ (എൻ.ഡി.എ) 25ാം വാർഷികമെന്ന പേരിലാണ് പ്രത്യേക യോഗം നടന്നത്. എൻ.ഡി.എ സഖ്യം രൂപവത്കരിക്കുന്നതിൽ വാജ്പേയി-അദ്വാനിമാർ നൽകിയ പങ്ക് എടുത്തുപറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. അതേസമയം, മോദിസർക്കാർ രണ്ടാമൂഴം വന്നശേഷം നടന്ന എൻ.ഡി.എ നേതാക്കളുടെ ആദ്യയോഗമാണ്, അടുത്ത പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഏഴു മാസം മാത്രം ബാക്കിനിൽക്കെ നടന്നത്.
ദേശീയ പുരോഗതിയും പ്രാദേശിക അഭിലാഷങ്ങളും മുൻനിർത്തി പ്രവർത്തിക്കുമെന്ന് യോഗത്തിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തേക്കാൾ കുടുംബം പ്രധാനമായ പ്രതിപക്ഷസഖ്യം അഴിമതിക്കാരുടെ അവസരവാദ കൂട്ടുകെട്ടാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിലോമ ചിന്തകർക്ക് രാജ്യത്തെ മുന്നോട്ടുനയിക്കാനാവില്ല. ഇന്ത്യയുടെ പുരോഗതിയിൽ എൻ.ഡി.എ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അധികാരത്തിന് പുറത്തിരുന്നപ്പോൾ ജനവിധിയെ അനാദരിക്കാതെ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ചുവെന്നും മോദി പറഞ്ഞു.
തമിഴ്നാട്ടിൽനിന്നുള്ള എ.ഐ.ഡി.എം.കെയാണ് യോഗത്തിൽ പങ്കെടുത്ത ദക്ഷിണേന്ത്യയിൽനിന്നുള്ള പ്രധാന പാർട്ടി. കേരളത്തിൽനിന്ന് ബി.ഡി.ജെ.എസ്, കേരള കാമരാജ കോൺഗ്രസ് എന്നിവ പങ്കെടുത്തു. ശിവസേന പിളർത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, എൻ.സി.പി പിളർത്തിയ അജിത് പവാർ അടക്കമുള്ളവർ യോഗത്തിന്‍റെ ഭാഗമായി.
ബി.ജെ.പിയോട് അടുത്ത ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാർട്ടിക്കും (ടി.ഡി.പി) ജെ.ഡി.എസിനും യോഗത്തിലേക്ക് ക്ഷണമുണ്ടായിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നാണ് യോഗത്തിൽ പങ്കെടുത്തവരിൽ കൂടുതലും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെുപ്പിനുശേഷം എൻ.ഡി.എ വിട്ട ഓം പ്രകാശ് രജ്ഭാറിന്‍റെ എസ്.ബി എസ്.പി (യു.പി), ബിഹാറിൽ ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച, ആർ.എൽ.എസ്.പി അടക്കമുള്ള പാർട്ടികളാണ് തിരിച്ചെത്തിയത്. പ്രതിപക്ഷസഖ്യം ശക്തിപ്രാപിച്ചതോടെ ബി.ജെ.പി ദേശീയനേതാക്കൾ ഇടപെട്ടാണ് ഈ പാർട്ടികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.