പറയാത്ത കാര്യങ്ങളാണ് അവർ വിവാദമാക്കുന്നത്; രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ സാമർഥ്യം പറയാതിരിക്കാനാവില്ല -ശശി തരൂർ
text_fieldsഇന്ത്യ ടുഡെ കോൺക്ലേവിനിടെ ബി.ജെ.പിയെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിക്ക് രാഷ്ട്രീയത്തിലുള്ള സാമർഥ്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു തരൂരിന്റെ പരാമർശം. യു.കെയിലെ പ്രസംഗത്തിന് രാഹുൽ ഗാന്ധി മാപ്പു പറയുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു തരൂർ. രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് കോൺഗ്രസിനെതിരായ ബി.ജെ.പിയുടെ ഏറ്റവും പുതിയ തുറുപ്പു ചീട്ട്. ''ബി.ജെ.പിയുടെ കാര്യത്തിൽ എനിക്ക് ഉറപ്പായും പറയാൻ കഴിയും. അവർ രാഷ്ട്രീയത്തിൽ അതിസമർഥരാണ്. രാഹുൽ ഗാന്ധി ഒരിക്കലും പറയാത്ത കാര്യത്തിനാണ് അവരിപ്പോൾ കുറ്റപ്പെടുത്തുന്നത്.''-തരൂർ വിശദീകരിച്ചു. രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹം മാപ്പു പറയുന്ന പ്രശ്നമേയില്ല. രാഷ്ട്രീയം പറയുന്നതിന്റെ പേരിൽ ആരെങ്കിലും മാപ്പു പറയണം എന്നാണെങ്കിൽ, വിദേശ മണ്ണിൽ സംസാരിക്കുന്ന മോദിയാണ് ആദ്യം മാപ്പു പറയേണ്ടതെന്നും തരൂർ കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കള്‍ നിശബ്ദരാക്കപ്പെടുകയാണെന്നാണ് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ പരിപാടിയില്‍ ലണ്ടനില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ പ്രസംഗത്തിന്റെ പേരിൽ സഭ പ്രക്ഷുബ്ധമായിരുന്നു.
ലണ്ടനിലെ പ്രസംഗം അവകാശ ലംഘനത്തിന് ഉപരിയായ കുറ്റമെന്നാണ് ബി.ജെ.പിയുടെ ആരോപണം. മാപ്പ് പറയാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ലോക്സഭാ സ്‌പീക്കറിന് കത്ത് നൽകി. 2005ൽ രൂപീകരിച്ചത് പോലെ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രസംഗം വിവാദമാക്കിയവർക്ക് മറുപടി നൽകാൻ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പ് പറഞ്ഞാൽ മാത്രമേ പാർലമെന്റിൽ സംസാരിക്കാൻ രാഹുലിനെ അനുവദിക്കുകയുള്ളൂവെന്നും ബി.ജെ.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.